കബനി നദി വരണ്ടുണങ്ങുമ്പോഴും വെള്ളം കർണാടകയിലേക്ക്
text_fieldsപുൽപള്ളി: കനത്ത ചൂടിൽ കബനീ നദി വരണ്ടുണങ്ങുമ്പോഴും പരമാവധി വെള്ളം ഊറ്റിയെടുത്ത് ഡാമുകളിൽ നിറച്ച് കർണാടക. നിലവിൽ കബനി നദി വറ്റി വരളാൻ പ്രധാന കാരണവും ഇതാണ്. എച്ച്.ഡി കോട്ടയിലെ ബീച്ചനഹള്ളി ഡാമിൽ നിന്നും നൂഗു, താർക്ക ഡാമുകളിലേക്ക് ടണലുകൾ വഴിയാണ് വെള്ളം വ്യാപകമായി കൊണ്ടുപോകുന്നത്.
മുമ്പെങ്ങുമില്ലാത്ത നിലയിലാണ് കബനിനദി പാറക്കെട്ടുകൾ നിറഞ്ഞ നിലയിൽ കിടക്കുന്നത്. തോണിക്കടവുകളൊഴികെ എവിടെയും വെള്ളമില്ല. കർഷകർ കന്നുകാലികളെ കുളിപ്പിക്കുന്നതിനും മറ്റും കബനി നദിയിലെത്തിയാൽ പോലും രക്ഷയില്ലാത്ത അവസ്ഥയാണ്.
സമീപകാലം വരെ കർഷകർ ചെറുമോട്ടോറുകളുപയോഗിച്ച് കൃഷിയിടങ്ങൾ നനക്കാൻ വെള്ളം പമ്പ് ചെയ്തിരുന്നു. അതിനും പറ്റാത്ത അവസ്ഥയാണിപ്പോൾ. നദിക്ക് അപ്പുറവും ഇപ്പുറവും നടന്നുകയറാൻ പറ്റും. ദിവസങ്ങൾ കഴിയുന്തോറും നദിയിലുള്ള പാറക്കെട്ടുകൾ കൂടുതലായി കാണാം. വെള്ളം വറ്റുന്നതോടെയാണ് പുഴയുടെ അടിത്തട്ടിലെ പാറക്കെട്ടുകൾ കാണുന്ന നിലയിലാകുന്നത്.
എന്നാൽ, ബീച്ചനഹള്ളി ഡാമിലേക്ക് കബനിയിൽ നിന്നുള്ള ജലം ചെറിയരീതിയിലാണെങ്കിലും ഇപ്പോഴും ഒഴുകിയെത്തുന്നുണ്ട്. കബനിയുടെ കൈവഴികളായ കന്നാരം പുഴ, കടമാൻതോട്, ബാവലി, തുടങ്ങിയ ജലേസ്രാതസുകളിൽ നിന്നുള്ള വെള്ളം കബനിയിലേക്ക് എത്തുന്നുണ്ട്. 1974 ലാണ് കർണാടക ബീച്ചനഹള്ളിയിൽ അണക്കെട്ട് നിർമിച്ചത്.
10 വർഷം മുമ്പാണ് നൂഗു, താർക്ക ഡാമുകൾ നിർമിച്ചത്. ഇവിടെ നിന്നും വെള്ളം ടണൽ വഴി ഈ ഡാമുകളിലേക്ക് എത്തിച്ച് കർണാടകയിലെ കൃഷിയാവശ്യത്തിന് ഉപയോഗിക്കുകയാണ്.
ഇവിടെ നിന്നുള്ള വെള്ളം ഉപയോഗപ്പെടുത്തി കർണാടകയിലെ കൃഷിയിടങ്ങൾ ഇപ്പോഴും നനച്ചുകൊണ്ടിരിക്കുകയാണ്. വയനാടിനോട് ചേർന്ന് കിടക്കുന്ന കബനിയിലാട്ടെ തുള്ളി വെള്ളം ഇല്ലാത്ത അവസ്ഥയാണ്. അതിർത്തി പ്രദേശങ്ങളിലടക്കം കാർഷിക വിളകൾ നശിച്ചുകൊണ്ടിരിക്കുന്നു. കബനിയിൽ നിന്ന് കേരളത്തിന് ഉപയോഗപ്പെടുത്താവുന്ന വെള്ളം ഉപയോഗിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.