സരളഭായിയുടെ വീട്ടുവളപ്പിൽ എല്ലാം ജൈവം
text_fieldsപുൽപള്ളി: അമ്മയും മകളും നടത്തുന്ന ജൈവ പച്ചക്കറി കൃഷി ശ്രദ്ധേയമാകുന്നു. പുൽപള്ളി ടൗണിലെ സൂര്യകാന്തം വീട്ടിലെ സരളഭായിയും മകൾ സൗമ്യയും ചേർന്നാണ് വീട്ടുവളപ്പിൽ വ്യത്യസ്തങ്ങളായ പച്ചക്കറി കൃഷി നടത്തുന്നത്. മലപ്പുറം തിരൂരങ്ങാടി ഗവ. ജി.എച്ച്.എസ്.എസിൽനിന്ന് 2007ൽ സരളഭായി വിരമിച്ചു. അതിനുശേഷം പുൽപള്ളിയിലാണ് താമസം. തുടക്കത്തിൽ ചെറിയ രീതിയിലായിരുന്നു കൃഷി.
രണ്ടു വർഷമായി കൃഷി വിപുലമാക്കി. ഇത്തവണ അരയേക്കറോളം സ്ഥലത്ത് 30ഓളം പച്ചക്കറിയിനങ്ങളാണ് നട്ടുവളർത്തിയത്. കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. ജയരാജിെൻറ ഭാര്യയാണ് സൗമ്യ. പനമരം ടി.ടി.ഐയിൽ അധ്യാപികയാണ്. അമ്മക്ക് പച്ചക്കറി കൃഷിക്ക് വേണ്ട സഹായങ്ങളെല്ലാം സൗമ്യയും ജയരാജും ചേർന്നാണ് നൽകുന്നത്. മറുനാട്ടിൽ വിളയുന്ന പച്ചക്കറി ഇനങ്ങളെല്ലാം പുൽപള്ളിയിൽ മികച്ച രീതിയിൽ കൃഷി ചെയ്യാമെന്ന് ഇവർ തെളിയിക്കുന്നു.
ലത്യൂസും പാലക് ചീരയും ഉരുളക്കിഴങ്ങും കാബേജും ബീറ്റ്റൂട്ടുമെല്ലാം ഇവിടെ നൂറുമേനിയാണ് വിളഞ്ഞുനിൽക്കുന്നത്. നാട്ടിലായിരുന്നപ്പോഴും പച്ചക്കറി കൃഷിയോട് ഏറെ താൽപര്യം കാണിച്ചിരുന്നു സരളഭായി. ജൈവരീതിയിലുള്ള പച്ചക്കറിയായതിനാൽ പുറമെനിന്നുള്ള ആളുകളും പച്ചക്കറി വാങ്ങാൻ ഇവിടെയെത്താറുണ്ട്. ഈ രീതിയിലും ഇവർക്ക് വരുമാനം ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.