വില വർധനവിൽ പ്രതീക്ഷ: കർഷകർ ഇഞ്ചിക്കൃഷിയിലേക്ക് മാറുന്നു
text_fieldsപുൽപള്ളി: വിലവർധനവിനെത്തുടർന്ന് വയനാട്ടിൽ ഇഞ്ചി കൃഷി ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധന. കർണാടകയിൽ കൃഷി ഭൂമിക്ക് പാട്ടതുക ഉയർന്നതും കർഷകരെ കേരളത്തിൽതന്നെ കൃഷി ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നു. കർണാടകയിലെ വിവിധ ഭാഗങ്ങളിൽ ഭൂമിയുടെ പാട്ടവില കുതിക്കുകയാണ്. ഇഞ്ചി കൃഷിക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ എത്തിയതോടെയാണ് കർണാടക ഭൂ ഉടമകൾ പാട്ടതുക വർധിപ്പിച്ചത്.
ഒരു ചാക്ക് ഇഞ്ചിക്ക് ഈ സീസണിൽ 6500 രൂപ വരെ വില ലഭിച്ചിരുന്നു. ഇപ്പോൾ വില 7000ത്തിലേക്ക് അടുക്കുകയാണ്. ഇഞ്ചി വിത്തിന്റെ വില 10,000 രൂപക്കടുത്തെത്തി. ഇടക്കാലത്ത് ഇഞ്ചിയുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. പലരും വൻ സാമ്പത്തിക പ്രതിസന്ധിയിലുമായി. ഇപ്പോഴത്തെ വില വർധന മുന്നിൽകണ്ട് വയനാട്ടിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ ഇഞ്ചി കൃഷി ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. വേനൽ മഴ ലഭിച്ചതോടെ കൃഷിപ്പണികൾ സജീവമാക്കിയിട്ടുണ്ട്.
രണ്ട് മാസം മുമ്പ് കൃഷിയിറക്കിയവർ ജലസേചന സൗകര്യം ഉപയോഗപ്പെടുത്തിയാണ് കൃഷി സംരക്ഷിച്ചുപോന്നത്. കർണാടകയിലെ മൈസൂർ, ചാമരാജ് നഗർ ജില്ലകളിലാണ് ഇഞ്ചികൃഷി കൂടുതലുള്ളത്. ഇവിടങ്ങളിൽ ഒരേക്കർ സ്ഥലം പാട്ടത്തിന് ലഭിക്കണമെങ്കിൽ ഒരു ലക്ഷം രൂപ വരെ നൽകണം. ഇത്തവണ ഇഞ്ചി കൃഷിക്ക് ചെലവ് വർധിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.