വിലയിടിവും വിളനാശവും; 'കറുത്ത പൊന്നി'നെ കൈവിട്ട് കർഷകർ
text_fieldsപുൽപള്ളി: വിലയിടിവും കൃഷിനാശവും കാരണം ജില്ലയിലെ കർഷകർ കുരുമുളക് കൃഷിയിൽനിന്ന് അകലുന്നു. മുൻവർഷങ്ങളിൽ കൃഷി നശിച്ച കർഷകർക്ക് സഹായപദ്ധതികൾ നടപ്പാക്കാത്തതാണ് കർഷകരെ വലക്കുന്നത്. അഞ്ചു വർഷത്തിനിടെ കുരുമുളക് കർഷകർക്ക് കൃഷിനാശത്തിന് ആനുപാതികമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. നാല് വർഷം മുമ്പ് കുരുമുളക് ഒരു ക്വിൻറലിന് 70,000 ഓളം രൂപ വില ലഭിച്ചിരുന്നു.
ഇന്ന് ഇതിെൻറ വില പകുതിയോളമായി കുറഞ്ഞു. രോഗവും കാലാവസ്ഥാ വ്യതിയാനങ്ങളും കൃഷി ഉപേക്ഷിക്കാൻ കർഷകരെ നിർബന്ധിതരാക്കുന്നു. രണ്ട് വർഷം മുമ്പ് പ്രളയത്തെ തുടർന്ന് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നിരവധി ഹെക്ടർ സ്ഥലത്തെ കുരുമുളക് കൃഷി നശിച്ചിരുന്നു. കൃഷിക്കുണ്ടായ കേടുപാടിന് അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന് കർഷകർക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. നൂറുകണക്കിന് അപേക്ഷകളാണ് ഇതുമായി ബന്ധപ്പെട്ട് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ എത്തിയത്. എന്നാൽ, കർഷകരുടെ അപേക്ഷ കൃഷിഭവനുകളിൽ വാങ്ങിച്ചുവെച്ചു എന്നല്ലാതെ തുടർനടപടികളൊന്നും ഉണ്ടായില്ല. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് 2019-20 കാലഘട്ടത്തിൽ ഉണ്ടായത്.
ഒരുകാലത്ത് കുരുമുളകിെൻറ പ്രൗഢിയിൽ അറിയപ്പെട്ട നാടായിരുന്നു പുൽപള്ളി. ഇന്ന് അവസ്ഥ മാറി. കുരുമുളക് കൃഷി പേരിനുമാത്രമായി ഒതുങ്ങി. കുരുമുളക് കൃഷി പുനരുദ്ധാരണത്തിന് ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇതിെൻറ ഗുണങ്ങൾ കർഷകർക്ക് ലഭിച്ചിട്ടില്ല. കുരുമുളക് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന വയനാട് ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2004ൽ 20.995 ഹെക്ടർ ആയിരുന്നു കൃഷി. 13,987 ടൺ കുരുമുളകായിരുന്നു അന്ന് ഉൽപാദനം. 2016ൽ ഇത് 2595 ടൺ ആയി കുറഞ്ഞു. നിലവിൽ ഇതിെൻറ നാലിലൊന്നായി കുറഞ്ഞിരിക്കുന്നു ഉൽപാദനം. കുരുമുളകിന് ഉണ്ടായിരിക്കുന്ന രോഗബാധകൾക്ക് ഫലപ്രദമായ പ്രതിവിധികൾ കണ്ടെത്തിയിട്ടില്ല. ഇതോടൊപ്പം കുരുമുളക് ഇറക്കുമതിയും ഇവിടത്തെ കർഷകരെ പ്രതികൂലമായി ബാധിച്ചു.
കൃഷിവകുപ്പ്, സ്പൈസസ് ബോർഡ് എന്നിവയും കർഷകരെ അവഗണിക്കുന്നു എന്നാണ് പരാതി. ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ലഭ്യതക്കുറവും കർഷകർക്ക് തിരിച്ചടിയായി. കർഷകർ അതിജീവന പാതയിലാണ്. ഇവർക്ക് ആവശ്യമായ സഹായപദ്ധതികൾ കൃത്യസമയത്ത് ലഭ്യമാക്കിയാൽ മാത്രമേ കുരുമുളക് കൃഷിയിൽ ഇനി നേട്ടങ്ങൾ കൈവരിക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.