ദീനം മാറാതെ പാടിച്ചിറ കുടുംബാരോഗ്യ കേന്ദ്രം
text_fieldsപുൽപള്ളി: കേരള-കർണാടക അതിർത്തിയായ പാടിച്ചിറയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ മതിയായ ചികിത്സ സംവിധാനങ്ങളില്ലാത്തത് സാധാരണക്കാർക്ക് ദുരിതമാവുന്നു. കർണാടക അതിർത്തി പ്രദേശങ്ങളിൽ നിന്നടക്കമുള്ളവർ ചികിത്സ തേടിയെത്തുന്ന ആതുരാലയത്തിൽ ഡോക്ടർമാരുടെ കുറവും കിടത്തിചികിത്സ സൗകര്യമില്ലാത്തതും രോഗികൾക്ക് പ്രയാസമുണ്ടാക്കുകയാണ്.
രണ്ട് പതിറ്റാണ്ടിലേറെയായി ഇവിടെ ആശുപത്രി പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. വിപുലമായ കെട്ടിട സൗകര്യമടക്കം ആശുപത്രിക്കുണ്ട്. എന്നാൽ നാളിതുവരെ ഒരാളെപോലും ഇവിടെ കിടത്തിച്ചികിത്സിച്ചിട്ടില്ല.
കിടത്തിച്ചികിത്സ വാർഡ് ഉദ്ഘാടനം വർഷങ്ങൾക്കു മുമ്പ് നടന്ന ആശുപത്രിയാണിത്. ഉച്ചവരെ മാത്രമേ ഇവിടെ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നുള്ളു. ഒരു ഡോക്ടർ മാത്രമാണ് ഇവിടെയുള്ളത്. ഡോക്ടർ യോഗങ്ങൾക്കും മറ്റും പോകേണ്ടിവരുന്ന ദിവസങ്ങളിൽ സേവനം ലഭിക്കുന്നില്ല. ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല.
ഒ.പിയിൽ നിന്നുള്ള ചികിത്സ മാത്രമാണ് ആളുകൾക്ക് ലഭിക്കുന്നത്. ആതുരാലയം രോഗികൾക്ക് ഉപയോഗപ്പെടുത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രക്ഷോഭങ്ങൾ ഇവിടെ നടന്നു. എന്നിട്ടും ആശുപത്രിയോടുള്ള അവഗണന തുടരുന്നതായാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.