ജപ്തി നടപടികളുമായി ധനകാര്യ സ്ഥാപനങ്ങൾ പ്രതിരോധിക്കാനൊരുങ്ങി കർഷകർ
text_fieldsപുൽപള്ളി: ജപ്തി നടപടികളുമായി വീണ്ടും ധനകാര്യ സ്ഥാപനങ്ങൾ ഇറങ്ങിയതോടെ പ്രതിരോധ മാർഗങ്ങളുമായി കർഷകരും കർഷക സംഘടനകളും. ജില്ലയിൽ 3000ഓളം പേർക്ക് ജപ്തി നോട്ടീസ് കിട്ടിയതായാണ് കർഷകർ പറയുന്നത്. 2010 മുതൽ വായ്പയെടുത്ത് പണം തിരിച്ചടക്കാൻ പറ്റാത്ത കർഷകർക്കാണ് നോട്ടീസ് കിട്ടിക്കൊണ്ടിരിക്കുന്നത്. തിരിച്ചടവിന് ഇനിയും സാവകാശം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടാണ് ബാങ്കുകൾ സ്വീകരിക്കുന്നതെന്നാണ് കർഷകർ പറയുന്നത്.
ജപ്തി നടപടികൾ തടയും -കർഷക സംഘം
പുൽപള്ളി: ചെറുകിട നാമമാത്ര കർഷകരെ ജപ്തി നടപടികൾക്ക് വിധേയമാക്കുന്ന സാഹചര്യമുണ്ടായാൽ കേരള കർഷക സംഘം തടയുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ നൂറുകണക്കിന് കർഷകർക്ക് ജപ്തി നോട്ടീസുകൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജപ്തിയുമായി ഉദ്യോഗസ്ഥരെത്തിയാൽ പ്രതിരോധിക്കുമെന്ന് കർഷക ഏരിയ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സർഫാസി ആക്ടിന്റെ മറവിലാണ് ബാങ്കുകൾ കർഷകദ്രോഹ നടപടികളുമായി മുമ്പോട്ട് പോകുന്നത്. വിളകളുടെ വിലത്തകർച്ച, ഉൽപാദനക്കുറവ് എന്നിവ മൂലം കർഷകർ ദുരിതത്തിലാണ്. ഈ സാഹചര്യത്തിൽ കർഷകദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാൻ കഴിയില്ല. വാർത്തസമ്മേളനത്തിൽ എ.വി. ജയൻ, കെ.ജെ. പോൾ, പ്രകാശ് ഗഗാറിൻ, സി.പി. വിൻസെൻറ് എന്നിവർ പങ്കെടുത്തു.
കർഷക കടങ്ങൾ എഴുതിത്തള്ളണം
പുൽപള്ളി: ജപ്തി നടപടികൾ നേരിടുന്ന കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ സർക്കാർ തയാറാകണമെന്ന് കോൺഗ്രസ് -ഐ ഇരുളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ ആവശ്യപ്പെട്ടു. പാടിച്ചിറ വില്ലേജിൽ മാത്രം 352 കർഷകർക്കാണ് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. ജപ്തി എന്ത് വില കൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു.
ജപ്തി നടപടി അനുവദിക്കില്ല -എഫ്.ആർ.എഫ്
പുൽപള്ളി: ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി നടപടി അനുവദിക്കില്ലെന്ന് ഫാർമേഴ്സ്റിലീഫ് ഫോറത്തിന്റെ നേതൃത്വത്തിൽ പുൽപള്ളിയിൽ ചേർന്ന ജപ്തി നേരിടുന്ന കർഷകരുടെ യോഗം തീരുമാനിച്ചു. കർഷകർക്കായി അനുവദിച്ച പാക്കേജുകൾ ജലരേഖയാണ്.
സാമ്പത്തിക പ്രതിസന്ധി നാട്ടിലെങ്ങും രൂക്ഷവുമാണ്. കാർഷികമേഖലയിലും ആളുകൾ ദുരിതത്തിലാണ്. ഈ സാഹചര്യത്തിൽ ജപ്തി അംഗീകരിക്കാനാവില്ല. ജപ്തിയുമായെത്തുന്ന ഉദ്യോഗസ്ഥരെ തടയാനും തീരുമാനിച്ചു. 200 ഓളം കർഷകർ പങ്കെടുത്തു.
ഫാ.ജോർജ് മൈലാടൂർ ഉദ്ഘാടനം ചെയ്തു. പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. എ.സി. തോമസ്, എൻ.ജെ. ചാക്കോ, എ.എൻ. മുകുന്ദൻ, ടി. ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.
ജപ്തിനീക്കം ചെറുക്കും-കർഷക കോൺഗ്രസ്
പുൽപള്ളി: വായ്പ കുടിശ്ശികയുടെ പേരിൽ ബാങ്കുകൾ കർഷകരുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടി പിൻവലിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. തോമസ് ആവശ്യപ്പെട്ടു. പാടിച്ചിറ വില്ലേജിൽ 24 ന് കർഷകരുടെ ഭൂമി ജപ്തി ചെയ്യാനുള്ള നീക്കം ചെറുത്തു തോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.