നെൽകൃഷി സംരക്ഷിക്കാൻ കർഷക നെട്ടോട്ടം
text_fieldsപുൽപള്ളി: കൊളവള്ളി പാടശേഖരത്ത് നെൽകൃഷി സംരക്ഷിക്കാൻ കർഷകർ പാടുപെടുന്നു. പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്നതിന് സ്ഥാപിച്ച പമ്പ് ഹൗസിലെ രണ്ട് മോട്ടോറുകൾ തകരാറിലായതിനെത്തുടർന്ന് ജലവിതരണം ഭാഗികമായി നിലച്ചു. നിലവിൽ മൂന്ന് മോട്ടോറുകൾ ഉണ്ടെങ്കിലും രണ്ടെണ്ണമാണ് കേടായത്. നൂറിലേറെ ഏക്കർ സ്ഥലത്താണ് കൊളവള്ളി പാടശേഖരം. ഇത്തവണ മഴ വൈകിയതിനാൽ നെൽകൃഷി ആരംഭിക്കുന്നതും വൈകി. അന്നുമുതൽ പമ്പ് ഹൗസിലെ മോട്ടോറുകളും കേടായി. നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും പരിഹാരമുണ്ടായില്ല.
ഈ ഭാഗത്ത് കാര്യമായി മഴയും ലഭിച്ചിട്ടില്ല. ഇക്കാരണത്താൽ പാടശേഖരം വരളാൻ തുടങ്ങിയി. 15 എച്ച്.പിയുടെ മോട്ടോറും 10 എച്ച്.പിയുടെ രണ്ട് മോട്ടോറുമാണ് ഇവിടെയുള്ളത്. ഇതിൽ 15 എച്ച്.പിയുടെ മോട്ടോറും 10 എച്ച്.പിയുടെ ഒരു മോട്ടോറുമാണ് കേടായത്. കർണാടകയിൽനിന്ന് വർഷങ്ങൾക്കുമുമ്പ് കുടിയേറിയയാളുകളാണ് ഈ ഭാഗത്ത് കൂടുതലായും കൃഷിയിറക്കിയിരിക്കുന്നത്. കബനി നദിയിൽനിന്ന് വെള്ളം പമ്പ് ചെയ്താണ് കൃഷിയിടങ്ങളിലേക്ക് എത്തിക്കേണ്ടത്. വെള്ളത്തിനുള്ള സൗകര്യം ധാരാളമുണ്ടായിട്ടും ജലസേചനമൊരുക്കാൻ അധികൃതർ തയാറാവാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജലസേചന സൗകര്യമില്ലാത്തതിനാൽ ഹെക്ടർ കണക്കിന് കൃഷിയിടം ഇവിടെ തരിശ്ശായി കിടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.