വയനാട്ടിൽ പാടശേഖരങ്ങൾ കുറയുന്നു
text_fieldsപുൽപള്ളി: വയനാട്ടിൽ പാടശേഖരങ്ങളുടെ അളവ് കുറയുന്നു. ജില്ലയിൽ 10 വർഷംകൊണ്ട് 50 ശതമാനത്തോളം നെൽകൃഷി കുറഞ്ഞെന്നാണ് കണക്ക്. വയലുകളിൽ മറ്റു കൃഷികൾ ഇടംപിടിക്കുകയാണ്.
2019ലെ ലാൻഡ് യൂസിങ് ഡേറ്റ പ്രകാരം 133.25 ച.കി.മീറ്റർ നെൽവയലാണ് വയനാട്ടിൽ ശേഷിക്കുന്നത്. 25.96 ച.കി.മീറ്റർ സ്ഥലം വാഴക്കൃഷിക്കായി മാറ്റിയിട്ടുണ്ട്. 1.86 ച.കി.മീറ്റർ നെൽവയൽ ഇതരകൃഷിക്കും 0.77 ച.കി.മീറ്റർ വീട് നിർമാണത്തിനുമായി തരം മാറ്റിയതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഉൽപാദനച്ചെലവ് വർധിച്ചതാണ് പലരെയും കൃഷിയിൽനിന്ന് അകറ്റിയത്. പാടശേഖരങ്ങളിൽ പലയിടത്തും കൃഷികൾ നടത്താതെ കാടുമൂടുകയുമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെയാണ് വയലുകളുടെ തരംമാറ്റം വലിയതോതിൽ ജില്ലയിൽ നടക്കുന്നത്.
കരഭൂമിയിലെ നികന്നുതീരുന്ന നീർത്തടങ്ങൾ മഴവെള്ളസംഭരണത്തിന് തിരിച്ചടിയായിട്ടുണ്ട്. നെൽകൃഷി ആദായകരമല്ലെന്നാണ് കർഷകർ പറയുന്നത്. വർധിച്ച കൂലി ചെലവുകളും തൊഴിലാളി ക്ഷാമവും കർഷകരെ കൃഷിയിൽനിന്ന് അകറ്റുന്ന ഘടകങ്ങളാണ്. ജലസേചന സൗകര്യത്തിന്റെ അഭാവവും മറ്റൊരു ഘടകമാണ്. നെൽകൃഷി പരിപോഷണത്തിന് പദ്ധതികൾ കാര്യമായി ഇല്ലാത്തതും നെൽകർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.