കടുവഭീതിയിൽ വീണ്ടും പുൽപള്ളി ചേപ്പിലയിൽ കാൽപാടുകൾ
text_fieldsപുൽപള്ളി: കടുവഭീതിയിൽ വീണ്ടും പുൽപള്ളി. ഒരുമാസം മുമ്പ് കടുവയിറങ്ങിയ ചേപ്പിലയിൽ കഴിഞ്ഞദിവസം വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. സമീപ ദിവസങ്ങളിൽ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കടുവ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ക്ഷീര കർഷകരും കൂലിപ്പണിക്കാരും വിദ്യാർഥികളും അടക്കമുള്ളവർ ഭയാശങ്കയിലാണ്. ഏതാനും ആഴ്ച മുമ്പ് പുൽപള്ളിക്കടുത്ത ചേപ്പിലയിൽ കടുവ കാട്ടുപന്നിയെ കൊന്നിരുന്നു. ദിവസങ്ങളോളം പ്രദേശം കടുവഭീതിയിലായിരുന്നു. ഇതേത്തുടർന്ന് ബഹുജന പ്രക്ഷോഭവും നടന്നു.
അന്നുപോയ കടുവതന്നെയാണ് വീണ്ടും തിരിച്ചെത്തിയിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടുപന്നിയുടെയും കടുവയുടെയും കാൽപാടുകൾ തൊട്ടടുത്തായി കണ്ടത് പന്നിയെ കടുവ ഓടിച്ചതിന്റെ സൂചനയാണ് നൽകുന്നത്.
കഴിഞ്ഞദിവസം കടുവയുടെ കാൽപാടുകൾ കണ്ടതിനെത്തുടർന്ന് തോട്ടത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ കർഷകനെ കാട്ടുപന്നി ആക്രമിച്ച സംഭവമുണ്ടായി.
കടുവയെ കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞദിവസം കടുവ പാളക്കൊല്ലി, ചേന്ദ്രാത്ത്, ഇരിപ്പൂട് മേഖലകളിൽ എത്തിയിരുന്നു. ചേന്ദ്രാത്ത് വയലിൽ മേയാൻ വിട്ട പശുവിനെയും കൊലപ്പെടുത്തി. തുടർച്ചയായി കടുവയുടെ സാന്നിധ്യം മേഖലയിൽ ഉണ്ടാകുന്നത് ആളുകള ഭീതിയിലാക്കിയിരിക്കുകയാണ്.
മണ്ഡകവയലിലും കൽപനയിലും കൂടുകൾ, ഇമ ചിമ്മാതെ കാമറകളും
സുൽത്താൻ ബത്തേരി: അമ്മക്കടുവയുടെ മുന്നിൽ അടിയറവ് പറയേണ്ടി വന്നെങ്കിലും മണ്ഡകവയലിൽ വനംവകുപ്പിന്റെ കരുതൽ തുടരുന്നു. ഇവിടെ സ്ഥാപിച്ച കൂട്ടിൽ ഇനിയും കടുവ കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പും നാട്ടുകാരും. സംഘമായി സഞ്ചരിക്കുന്ന അമ്മക്കടുവയും കടുവക്കുഞ്ഞുങ്ങളും ഇനി ഈഭാഗത്തേക്ക് വരരുതെന്നാണ് നാട്ടുകാരുടെ പ്രാർഥന. ഇതിലൊന്നും പെടാത്ത വേറൊരു കടുവക്കാണ് എല്ലാവരും കാത്തിരിക്കുന്നത്. മണ്ഡകവയലിൽനിന്ന് ഒരുകിലോമീറ്റർ മാറി പുല്ലുമലക്കടുത്തുള്ള കൽപന എസ്റ്റേറ്റിലാണ് മറ്റൊരു കൂട് സ്ഥാപിച്ചിട്ടുള്ളത്. ബുധനാഴ്ച മണ്ഡകവയലിൽ നിന്ന് അമ്മക്കടുവയും കുഞ്ഞുങ്ങളും തിരിച്ചുപോയത് കൽപന എസ്റ്റേറ്റ് വഴിയാണ്.
മണ്ഡകവയൽ, ആവയൽ, പുല്ലുമല, കൽപന, മടൂർ, സീസി എന്നിവിടങ്ങളിലൊക്കെ സദാസമയവും വനംവകുപ്പ് ജീവനക്കാർ റോന്ത് ചുറ്റുന്നുണ്ട്. പ്രദേശങ്ങളിൽ എട്ട് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ബുധനാഴ്ച അമ്മക്കടുവയും കുഞ്ഞുങ്ങളും പോയതിന് ശേഷം കടുവ വന്നിട്ടില്ല. എന്നാൽ, നാട്ടുകാർ എല്ലാവരും ഭയത്തിലാണ്. ''വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന വേറൊരു കടുവ പ്രദേശത്തെവിടെയോ ഉണ്ട്. വിശക്കുന്ന സമയത്ത് വീണ്ടും ഇവിടെ എത്തിയേക്കാം'' മണ്ഡകവയലിലെ ബിനു നിരവത്ത് പറഞ്ഞു.
ബിനുവിന്റെ വീടിനോടനുബന്ധിച്ചുള്ള സി.സി.ടി.വി കാമറയിലാണ് രണ്ടാഴ്ച മുമ്പ് ആദ്യം കടുവയുടെ ചിത്രം പതിഞ്ഞത്. ആകടുവയാണ് വളർത്തുമൃഗങ്ങളെയും മറ്റും ആക്രമിച്ചത്.
കൂടുവെച്ച് കാവലിരിക്കുന്ന വനംവകുപ്പിൽ നാട്ടുകാർക്ക് വലിയ പ്രതീക്ഷയില്ല. കൂട്ടിൽ ഇനിയും അമ്മക്കടുവയും കുഞ്ഞുങ്ങളും കുടുങ്ങിയാലും പഴയപോലെ തുറന്നുവിടേണ്ടി വരും. അല്ലെങ്കിൽ അമ്മയും കുഞ്ഞുങ്ങളും ഒന്നിച്ചുകുടുങ്ങണം. അതിനുള്ള സാധ്യത വിരളവുമാണ്. ചുരുക്കത്തിൽ കടുവകൾ വിവിധ പ്രദേശത്തുകാരുടെ ഉറക്കം കെടുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.