വരൾച്ചക്ക് വിട, കബനിയിൽ ജലസമൃദ്ധി
text_fieldsപുൽപള്ളി: ഏറെ നാളുകൾക്കുശേഷം വേനൽ മഴയെത്തുടർന്ന് കബനി നദി ജലസമൃദ്ധമായി. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയ പുഴ കഴിഞ്ഞ മാസം പകുതിയോടെ പൂർണമായും വറ്റിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി ജില്ലയിൽ പെയ്യുന്ന മഴയുടെ കരുത്തിനാലാണ് കബനി വീണ്ടും നിറഞ്ഞുതുടങ്ങിയത്.ജില്ലയിലെ വിവിധ പുഴകളിൽനിന്നും തോടുകളിൽനിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് കബനിയിലേക്ക് എത്തുന്നത്. പനമരം, കന്നാരം, ബാവലി പുഴകളിൽ നിന്നുള്ള വെള്ളമാണ് കബനിയിൽ പൂർണമായും എത്തുന്നത്. കബനിയിൽ ജലനിരപ്പ് താഴ്ന്നത് ഇത്തവണ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലടക്കം കുടിവെള്ള ലഭ്യതയെ ബാധിച്ചിരുന്നു.
ചരിത്രത്തിൽ ആദ്യമായി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 60 കിലോമീറ്റർ അകലെയുള്ള കാരാപ്പുഴ അണക്കെട്ടിൽനിന്ന് വെള്ളം കബനിയിലേക്ക് എത്തിച്ചിരുന്നു. മുമ്പെങ്ങും ഉണ്ടാകാത്ത തരത്തിലാണ് പുഴ വറ്റി വരണ്ടത്. പൂർണമായും പാറക്കെട്ടുകൾ നിറഞ്ഞ നിലയിലായിരുന്നു പുഴ. തുടർച്ചയായി ലഭിക്കുന്ന മഴ കബനിയെ ജല സമ്പന്നമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കാലവർഷം കൂടി എത്തുന്നതോടെ പുഴയിലെ ജലനിരപ്പ് വീണ്ടും ഉയരും. നിരവധി ജലസേചന പദ്ധതികളും കുടിവെള്ള പദ്ധതികളും കബനിയിലെ വെള്ളത്തെ ആശ്രയിച്ച് നിലനിൽക്കുന്നുണ്ട്. ജല ലഭ്യത ഉറപ്പായതോടെ കബനി തീരത്ത് കൃഷിപണികൾ സജ്ജീവമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.