ധവള വിപ്ലവവുമായി വീട്ടമ്മ
text_fieldsപുൽപള്ളി: 56ാം വയസ്സിലും ക്ഷീരമേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് പുൽപള്ളി ആനപ്പാറയിലെ വീട്ടമ്മ പുഞ്ചക്കര ലിസമ്മ ജോർജ്. മുപ്പതിലധികം അത്യുൽപാദനശേഷിയുള്ള പശുക്കളെ വളർത്തി പ്രതിദിനം 350 ലിറ്ററോളം പാലളക്കുന്നു ഈ വീട്ടമ്മ.
20 വർഷത്തിലേറെയായി ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന വനിതയാണ് ഇവർ. മറ്റു കൃഷികൾ തകർന്നപ്പോഴാണ് ക്ഷീര മേഖലയിലേക്ക് തിരിഞ്ഞത്. രണ്ടു പശുക്കളുമായിട്ടായിരുന്നു തുടക്കം. ഇപ്പോൾ കിടാരികൾ മാത്രം ആറ് എണ്ണമായി. ആധുനിക സൗകര്യങ്ങളോടെയാണ് തൊഴുത്ത് നിർമിച്ചിരിക്കുന്നത്. തൊഴുത്ത് വൃത്തിയാക്കുന്നതിനും കറവക്കുമെല്ലാമായി ഭർത്താവ് ജോർജും ഒരു നേപ്പാളി കുടുംബവുമുണ്ട്. ക്ഷീര മേഖലയിൽ നിന്നുള്ള വരുമാനമാണ് ഇക്കാലയളവിലുണ്ടായ എല്ലാ നേട്ടങ്ങൾക്കും കാരണമെന്ന് ഇവർ പറയുന്നു. രണ്ടരയേക്കർ സ്ഥലമാണ് ഇവർക്കുള്ളത്. ഇതിൽ പകുതിയോളം സ്ഥലത്ത് പച്ചപുൽ കൃഷി ചെയ്യുന്നു.
ഏറ്റവും മികച്ച ക്ഷീര കർഷകക്കുള്ള അവാർഡുകൾ ലിസമ്മക്ക് പുൽപ്പള്ളി ക്ഷീര സംഘത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പശുക്കൾക്ക് രോഗബാധ ഉണ്ടാകാതെ വരുകയും പാലിന് ന്യായമായ വിലയും ലഭിച്ചാൽ പ്രതിമാസം മികച്ച വരുമാനമുണ്ടാക്കാമെന്ന് ഇവർ പറയുന്നു. സമീപ കാലത്ത് കാലിത്തീറ്റയുടെ വില വൻ തോതിൽ വർധിച്ചത് ക്ഷീരകർഷകർക്ക് വൻ തിരിച്ചടിയാണെന്നും ഇവർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.