പുൽപള്ളി സഹകരണ ബാങ്കിലെ ക്രമക്കേട്; ഉത്തരവിനെതിരെ സഹകരണ രജിസ്ട്രാർക്ക് അപ്പീൽ നൽകും
text_fieldsപുൽപള്ളി: വായ്പ വിതരണത്തിലടക്കം ക്രമക്കേടുകൾ നടത്തിയതുമൂലം പുൽപള്ളി സർവിസ് സഹകരണ ബാങ്കിന് നഷ്ടമായ 8.33 കോടി രൂപ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സഹകരണ ജോ. രജിസ്ട്രാറുടെ സർ ചാർജ് ഉത്തരവ് ലഭിച്ച മുൻ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അപ്പീൽ നൽകും. സഹകരണ രജിസ്ട്രാർക്കാണ് അപ്പീൽ സമർപ്പിക്കുക. രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്ന് മതിയായ അന്വേഷണം നടത്താതെയാണ് സർ ചാർജ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ബാങ്ക് പ്രസിഡന്റുമായ കെ.കെ. അബ്രഹാം പറഞ്ഞു. ഒക്ടോബറിൽ ബാങ്ക് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരവ് പുറപ്പെടുവിച്ചതിൽ ഗൂഢ താത്പര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. വായ്പകൾ അനുവദിച്ചത് ബാങ്കിന്റെ നിയമാവലിപ്രകാരമാണെന്നും നോട്ടറി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോണിയുടെ അടിസ്ഥാനത്തിൽ വായ്പകൾ അനുവദിക്കുന്നത് ക്രമവിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ഭരണസമിതി അംഗങ്ങളിൽ നിന്ന് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിന് സഹകരണ സംഘം ജോ. രജിസ്ട്രാർ ജനറൽ എ. ഷാജൻ ആണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ബാങ്കിന് നഷ്ടപ്പെട്ട 8.34 കോടി രൂപ കെ.കെ. അബ്രഹാം ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ, മുൻ സെക്രട്ടറി കെ.പി. രമാദേവി, മുൻ ഇന്റേണൽ ഓഡിറ്റർ പി.യു. തോമസ് എന്നിവരുടെ സ്ഥാവര-ജംഗമ വസ്തുക്കളിൽ നിന്ന് ജപ്തി ഉൾപ്പെടെയുള്ള റവന്യു റിക്കവറി നടപടിയിലൂടെ ഈടാക്കാനാണ് നിർദ്ദേശം. സജീവൻ കൊല്ലപള്ളി എന്ന ബിനാമി ഇടപാടുകാരനെ ഉപയോഗിച്ച് മുൻ ഭരണസമിതി അംഗങ്ങൾ മൂല്യം കുറഞ്ഞ ഭൂമി ഈടുനൽകി വായ്പാ ക്രമക്കേട് നടത്തിയെന്നാണ് കേസ്.
വിജിലൻസ് ഓഫിസിന് മുന്നിൽ സത്യഗ്രഹം
പുൽപള്ളി സഹകരണ ബാങ്ക് ക്രമക്കേടിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതിന് എടുത്ത വിജിലൻസ് കേസ് അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതി മീനങ്ങാടിയിലെ ജില്ല വിജിലൻസ് ഓഫിസിന് മുന്നിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചുവരെ സത്യഗ്രഹ സമരവും ടൗണിൽ പ്രകടനവും നടത്തി.
സമരം സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ ജില്ല സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്കിന് മുന്നിൽ രണ്ടര മാസമായി സമരം നടത്തി വരുകയാണ് ജനകീയ സമരസമിതി. കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്. പി.ആർ അജയകുമാർ അധ്യക്ഷത വഹിച്ചു. സാറക്കുട്ടി പറമ്പേക്കോട്ടിൽ, വി.സ്. ചാക്കോ മാസ്റ്റർ, സത്യാനന്ദൻ മാസ്റ്റർ,എം.കെ.ഷിബു, കെ.ജി. മനോഹരൻ, കെ.ആർ. അശോകൻ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ഡാനിയേൽ പറമ്പേക്കാടിൽ, രാജേന്ദ്രൻ നായർ, സി.ജെ. ജോൺസൺ, വി.എൻ. ഗോപാലൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.