കുറുവ ദ്വീപ് അടച്ചിട്ട് ഏഴുമാസം; പകരം ജോലിയില്ലാതെ തൊഴിലാളികൾ
text_fieldsപുൽപള്ളി: വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഏഴുമാസം പിന്നിടുമ്പോൾ തൊഴിലാളികൾ ദുരിതത്തിൽ. മുമ്പെല്ലാം ദ്വീപ് അടച്ചിടുമ്പോൾ തൊഴിലാളികൾക്ക് വനത്തിലെ ജോലികൾ നൽകാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ജോലി നൽകാൻ വനം വകുപ്പ് തയാറായിട്ടില്ല.
കുറുവയിലെ താൽക്കാലിക ജീവനക്കാരനായിരുന്ന പോൾ, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ 11ഓളം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടത്. വനസംരക്ഷണ സമിതിക്ക് കീഴിലുള്ള 30തിൽപരം തൊഴിലാളികളായിരുന്നു കുറുവയിൽ ജോലി ചെയ്തിരുന്നത്. ഗോത്രവർഗ വിഭാഗത്തിൽപെട്ടവരായിരുന്നു ഇവിടുത്തെ തൊഴിലാളികളിൽ ഭൂരിഭാഗവും. പ്രകൃതിദത്ത കാഴ്ചകളാണ് കുറുവയുടെ പ്രത്യേകത. രണ്ട് കോടിയോളം രൂപയാണ് പ്രതിവർഷം ദ്വീപിൽനിന്ന് വരുമാനം ലഭിച്ചത്. ഈ തുക വനം വകുപ്പിന്റെ വിവിധ വികസന കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തിരുന്നു.
ദ്വീപ് അടച്ചിട്ടതോടെ ഇവിടെ കാട്ടുമൃഗങ്ങൾ ചേക്കേറിയിരിക്കയാണ്. ലക്ഷങ്ങൾ മുതൽമുടക്കി നിർമിച്ച ചങ്ങാടങ്ങളും നശിക്കുകയാണ്. സന്ദർശകർക്കുള്ള മുളപ്പാലങ്ങളും വിശ്രമകേന്ദ്രങ്ങളും നശിക്കുന്നു. ദ്വീപിലേക്കുള്ള വഴിയിൽ നട്ടുപിടിപ്പിച്ച മരത്തൈകൾ പരിപാലിക്കപ്പെടുന്നില്ല. ദ്വീപിലെത്തുന്ന സന്ദർശകരെ ആശ്രയിച്ച് നിരവധി കച്ചവട സ്ഥാപനങ്ങളും ഉണ്ടായിരുന്നു.
ഇവരുടെ കാര്യവും പ്രതിസന്ധിയിലായി. വയനാടൻ ടൂറിസം മേഖലയെ പുത്തനുണർവിലേക്ക് നയിക്കുന്നതിനായി സർക്കാറും ടൂറിസം വകുപ്പും ജില്ല ഭരണകൂടവും ശ്രമിക്കുമ്പോൾ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാറിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.