ജയശ്രീ സ്കൂളിന് ഇനി സ്വന്തം ഫലവൃക്ഷ നഴ്സറിയും
text_fieldsപുല്പള്ളി: ഹരിതവിദ്യാലയത്തിനുള്ള പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ പുല്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കൻഡറി സ്കൂളിന് ഇനി സ്വന്തമായി ഫലവൃക്ഷത്തൈകളുടെ നഴ്സറിയും. സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ടുമെന്റിന്റെ സഹായത്തോടെ എന്‍.എസ്.എസ് യൂനിറ്റും ഫോറസ്ട്രി ക്ലബും ചേര്‍ന്നാണ് സ്കൂളില്‍ നിരവധി ഫലവൃക്ഷങ്ങളുടെ തൈകള്‍ ഉള്‍പ്പെടുന്ന നഴ്സറി ഒരുക്കിയിട്ടുള്ളത്.
സ്കൂള്‍ നഴ്സറി യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനകം മൂവായിരത്തോളം കൂടകളാണ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിറച്ചത്. മാവ്, പ്ലാവ്, ഞാവല്‍, പേര, ചാമ്പ, വെണ്ണപ്പഴം, സപ്പോട്ട, ഓറഞ്ച്, മുള്ളാത്ത, ആത്തച്ചക്ക, മാതളനാരങ്ങ എന്നിങ്ങനെയുള്ള ഫലവൃക്ഷത്തൈകളാണ് പ്രധാനമായും ഒരുക്കിയത്.
ജൂണ്‍ പകുതിയോടെയായിരുന്നു പദ്ധതിക്ക് തുടക്കമിടുന്നത്. തുടര്‍ന്ന് വിത്തുശേഖരണം ആരംഭിച്ചു.
അധ്യാപികയും എന്‍.എസ്.എസ് കോഓഡിനേറ്ററുമായ സിത്താര ജോസഫിന്റെയും ഫോറസ്ട്രി ക്ലബ് ഓര്‍ഗനൈസര്‍ സിന്ധു മാത്യുവിന്റെയും നേതൃത്വത്തിലായിരുന്നു നഴ്സറിയൊരുക്കുന്ന നടപടികള്‍ പുരോഗമിച്ചത്.
എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങളായ അലീന സിജു, ബേസില്‍, അനുരാഗ്, ഐസക്ക്, അര്‍ച്ചന,അളകനന്ദ, ഷൈലശ്രീ, ദര്‍ശന, അശ്വിന് എന്നിങ്ങനെ നിരവധി കുട്ടികള്‍ പദ്ധതിക്ക് നേതൃത്വം നല്കി. മൂവായിരത്തോളം തൈകള്‍ കുട്ടികളുടെ വീടുകളിലേക്കും ബാക്കി വരുന്നവ സോഷ്യല്‍ ഫോറസ്ട്രിക്കും നല്‍കാനാണ് തീരുമാനമെന്ന് എന്‍.എസ്.എസ് കോഓഡിനേറ്റര്‍ സിത്താര ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.