കബനി വരണ്ടുണങ്ങുന്നു; വരൾച്ച നിവാരണ പദ്ധതികൾ യാഥാർഥ്യമായില്ല
text_fieldsപുൽപള്ളി: കൊടുംചൂടിൽ കബനി വരണ്ടുണങ്ങുമ്പോഴും ജലക്ഷാമം പരിഹരിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതികൾ യാഥാർഥ്യമായില്ല. കോടികൾ ചെലവഴിച്ച് വരൾച്ച നിവാരണ പദ്ധതികളും കടമാൻതോട് അടക്കമുള്ള ജലപദ്ധതികളും ആവിഷ്കരിച്ചെങ്കിലും ഒന്നും നടപ്പായില്ല.
വെള്ളമില്ലാതായതോടെ അതിർത്തി പ്രദേശങ്ങൾ കരിഞ്ഞുണങ്ങുകയാണ്. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കൃഷി കരിഞ്ഞുപോവുകയാണ്. കൂടുതലും കബനിയോട് ചേർന്ന കൃഷിയിടങ്ങളിലാണ് വരൾച്ച. കിണറുകളിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി.
കൃഷിയിറക്കിയവരാണ് ദുരിതത്തിലായിരിക്കുന്നത്. അയൽ സംസ്ഥാനങ്ങൾ കബനി ജലം പരമാവധി ഉൗറ്റിയെടുക്കുമ്പോഴും കുടിയേറ്റ ജനത കാൽച്ചുവട്ടിലെ മണ്ണൊഴുകിപ്പോകുന്നത് നിസ്സംഗമായി നോക്കിനിൽക്കേണ്ടിവരുന്നു. കബനിയുടെ കേരളതീരങ്ങൾ കരിഞ്ഞുണങ്ങുമ്പോൾ കബനിയുടെ മറുകരയായ കർണാടകയിലെ കൃഷിയിടങ്ങൾ പച്ചപ്പിലാണ്.
ജില്ലയിൽ മറ്റ് പലഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചപ്പോഴും ഇവിടെ മാത്രം മഴ ലഭിച്ചില്ല. കബനിക്ക് താൽക്കാലിക തടയണ കെട്ടിയില്ലെങ്കിൽ ജലവിതരണം മുടങ്ങുമെന്ന സ്ഥിതിയാണ്. കർണാടകയിൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബീച്ചനഹള്ളി അടക്കമുള്ള ഡാമുകളിൽ സംഭരിച്ചിരിക്കുന്ന ജലം കൃഷിയിടങ്ങളിലേക്ക് തുറന്നുവിടുന്നുമുണ്ട്. കബനിയിൽനിന്നും ഒഴുകിപ്പോകുന്ന മുഴുവൻജലവും ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത് കർണാടകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.