ജലസമൃദ്ധമായി കബനി
text_fieldsപുൽപള്ളി: കബനിനദി വീണ്ടും ജലസമൃദ്ധമായി. കഴിഞ്ഞ വർഷം അവസാനത്തോടെ ജലനിരപ്പ് താഴ്ന്ന കബനി കഴിഞ്ഞ ദിവസം വരെ പാറക്കെട്ട് നിറഞ്ഞ നിലയിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലഭിക്കുന്ന മഴയെത്തുടർന്ന് ബീച്ചനഹള്ളി ഡാമും ജലസമൃദ്ധമായിട്ടുണ്ട്. കേരളത്തിൽനിന്നൊഴുകിയെത്തുന്ന വെള്ളം പരമാവധി സംഭരിക്കാനുള്ള തയാറെടുപ്പിലാണ് കർണാടക. ഡാമിൽ നിന്നും കൃഷി ആവശ്യത്തിനും മറ്റും തുറന്നുവിടുന്നുണ്ട്. ഇത്തവണ വേനൽ കാലത്ത് കബനിയിലെ ജലനിരപ്പ് താഴ്ന്നപ്പോൾ രണ്ടു പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. ഇതേത്തുടർന്ന് കബനിക്ക് കുറുകെ താൽക്കാലിക തടയണ കെട്ടിയാണ് വെള്ളം സംഭരിച്ചത്. കബനി നദിയുടെ കേരളത്തിലെ തീരഭാഗം 56.6 കിലോമീറ്ററാണ്.
കിഴക്കോട്ട് ഒഴുകി ബംഗാൾ ഉൾക്കടലിൽ ചേരുന്ന കേരളത്തിലെ പ്രധാന നദിയാണ് കബനി. കേരളത്തിൽ നദി വരണ്ടുണങ്ങുമ്പോൾ അവശേഷിക്കുന്ന ജലം കർണാടകയിൽ സംരക്ഷിക്കുന്നു. 1974 ലാണ് കർണാടക ബീച്ചനഹള്ളിയിൽ അണക്കെട്ട് നിർമിച്ചത്. ഇതിനോട് അനുബന്ധമായി 10 വർഷം മുമ്പ് നോഗു, താരക തുടങ്ങിയ ഡാമുകളും നിർമിച്ചു. കബനിയിൽനിന്ന് കേരളത്തിന് അർഹതപ്പെട്ട വെള്ളം ഉപയോഗിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പലതും ഫയലുകളിൽ തന്നെ ഉറങ്ങുകയാണ്. കബനിയിൽ ജലനിരപ്പ് ഉയർന്നതോടെ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള തീരങ്ങളിൽ മീൻ പിടിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചു. വലയെറിഞ്ഞും ചൂണ്ടയിട്ടുമാണ് ആളുകൾ ഇവിടെ തങ്ങുന്നത്. ധാരാളം മീനുകളും ഇവർക്ക് ലഭിക്കുന്നുണ്ട്. പെരിക്കല്ലൂർ തോണിക്കടവ് കാണാനും ധാരാളം ആളുകൾ എത്തുന്നുണ്ട്. മഴ ശക്തമായതോടെ തോണിയാത്ര നിയന്ത്രണങ്ങളോടെയാണ് നടത്തുന്നത്. ലൈഫ് ജാക്കറ്റും മറ്റും നിർബന്ധമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.