കബനി ജലവിതരണ പദ്ധതി നവീകരണം നീളുന്നു; കുടിവെള്ളമില്ലാതെ പുൽപള്ളിയും മുള്ളൻകൊല്ലിയും
text_fieldsപുൽപള്ളി: കബനി ജലവിതരണ പദ്ധതി നവീകരണത്തിന്റെ ഭാഗമായി ആരംഭിച്ച പൈപ്പ് ലൈൻ നിർമാണ ജോലികൾ നീളുന്നു. പ്രവൃത്തി പൂർത്തിയാകാത്തത് കാരണം പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായി.
പാടിച്ചിറയിൽനിന്ന് മരക്കടവിലേക്കുള്ള പ്രധാന പൈപ്പ് ലൈൻ നിർമാണവും പഴയ പൈപ്പ് മാറ്റുന്ന പ്രവൃത്തികളുമാണ് നടക്കുന്നത്. കഴിഞ്ഞ മാസം 30ന് ജോലി പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, സമയപരിധി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പണികൾ പൂർത്തിയാക്കിയിട്ടില്ല.
രണ്ടു പഞ്ചായത്തുകളിലായി ആയിരക്കണക്കിന് കുടുംബങ്ങൾ കബനി പദ്ധതിയെയാണ് ആശ്രയിക്കുന്നത്. വാടകവീടുകളിലും മറ്റും താമസിക്കുന്നവർ വൻ തുക മുടക്കിയാണ് വെള്ളം വാങ്ങുന്നത്. ടൗണിലെ ഹോട്ടലുകൾ മിക്കതും വില കൊടുത്താണ് വെള്ളം വാങ്ങുന്നത്. ആദിവാസി കോളനികളിൽ പലതിലും വെള്ളമില്ലാത്തതിനാൽ ഏറെദൂരം നടന്ന് തലച്ചുമടായാണ് വെള്ളം കൊണ്ടുവരുന്നത്. ജൽജീവൻ മിഷൻ പദ്ധതിയിൽ മരക്കടവിൽ പമ്പ് ഹൗസ് നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. പാടിച്ചിറയിൽ ടാങ്കിന്റെ പ്രവൃത്തിയും കഴിഞ്ഞു. പൈപ്പ് ലൈൻ നിർമാണ പ്രവൃത്തികൾ ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.