നിർദിഷ്ട കടമാൻതോട് പദ്ധതി; സർവേക്ക് സർവകക്ഷി യോഗത്തിൽ ധാരണ
text_fieldsപുൽപള്ളി: നിർദിഷ്ട കടമാൻതോട് പദ്ധതിയുടെ ഭൂതല സർവേ നടത്താൻ സർവകക്ഷിയോഗത്തിന്റെ പിന്തുണ. പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ വരൾച്ചാകെടുതിക്ക് പരിഹാരം കാണുന്നതിനായി വിഭാവന ചെയ്ത കടമാൻതോട് പദ്ധതിയുടെ തുടർനപടികൾ ചർച്ചചെയ്യുന്നതിനായി പുൽപള്ളിയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
കലക്ടർ ഡോ. രേണുരാജ്, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടന പ്രവർത്തകർ, പഞ്ചായത്തുതല ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കടമാൻതോട് പദ്ധതി പ്രകാരം പുൽപള്ളി ആനപ്പാറയിലെ ചില്ലിങ് പ്ലാന്റിന് സമീപമാണ് മൺതടയണ നിർമിക്കാൻ ധാരണയായിരിക്കുന്നത്. ഇതിലൂടെ അര ടി.എം.സി ജലം സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്.
തടയണയുടെ നീളവും വീതിയും ഭൂതല സർവേക്കുശേഷം കണക്കാക്കും. ഇവിടെ നിന്ന് പുൽപള്ളിയുടെ വിവിധ മേഖലകളിലേക്കടക്കം കനാലുകൾ, പൈപ്പ് ലൈനുകൾ എന്നിവ വഴി വെള്ളമെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ജില്ലയിൽ ഏറ്റവുമധികം വരൾച്ച നേരിടുന്ന പ്രദേശമാണ് പുൽപള്ളി.
മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലും ജലക്ഷാമം രൂക്ഷമാണ്. പുൽപള്ളി മേഖലയിൽ ജലലഭ്യത അനുദിനം കുറഞ്ഞുവരുകയാണ്. ഈ സാഹചര്യത്തിലാണ് കൃഷിക്ക് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കടമാൻതോട് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്.
2012ലാണ് പദ്ധതി നടത്തിപ്പിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീടിത് പല തടസ്സങ്ങളാൽ നീളുകയായിരുന്നു. പദ്ധതി പ്രദേശത്തെ ആളുകളുൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. പ്രദേശവാസികൾ തങ്ങളുടെ ആശങ്ക അറിയിച്ചു.
വൻകിട പദ്ധതിയല്ല നടപ്പാക്കുന്നതെന്നും അര ടി.എം.സി ജലം മാത്രം ശേഖരിക്കുന്നതിനുള്ള ചെറുകിട പദ്ധതിയാണ് നടപ്പാക്കുകയെന്നും കലക്ടർ അറിയിച്ചു. പദ്ധതി നടപ്പാക്കുമ്പോൾ കുടിയൊഴിയേണ്ടിവരുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും അവർ പറഞ്ഞു.
പദ്ധതി യാഥാർഥ്യമായാൽ കാർഷിക മേഖലക്ക് പുറമേ ടൂറിസം രംഗത്തും മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന് യോഗം വിലയിരുത്തി. ഐ.സി. ബാലകൃഷ്ണൻ എം.എൽ എ അധ്യക്ഷത വഹിച്ചു. കലക്ടർ, പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്, ബീന ജോസ്, അനിൽ സി. കുമാർ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സജി മാത്യു, വി.എം. പൗലോസ്, വിൽസൺ നെടുങ്കൊമ്പിൽ, സുധീഷ്, ബേബി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.