കടമാൻതോട് പദ്ധതി; ഭൂതല സർവേ റിപ്പോർട്ട് വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ
text_fieldsപുൽപള്ളി: കടമാൻതോട് പദ്ധതിയുടെ ഭൂതല സർവേ റിപ്പോർട്ട് വൈകുന്നതിൽ പ്രതിഷേധവുമായി പ്രദേശവാസികൾ. ജില്ല കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നപ്പോൾ മൂന്നു മാസത്തിനകം റിപ്പോർട്ട് പുറത്ത് വിടുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, റിപ്പോർട്ട് പുറത്ത് വിടാതെ തന്നെ ഏരിയ സർവേ ആരംഭിക്കാനുള്ള അധികൃതരുടെ തീരുമാനം ദുരൂഹമാണെന്ന് പദ്ധതി പ്രദേശത്തെ ആളുകൾ പറയുന്നു.
മേയ് ആറിന് ആയിരുന്നു സർവകക്ഷിയോഗം. ആദ്യഘട്ട സർവേ ഫലം പുറത്ത് വിട്ടതിന് ശേഷം മാത്രമേ തുടർ കാര്യങ്ങൾ ചെയ്യുകയുള്ളു എന്ന് അറിയിപ്പ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇറിഗേഷൻ വകുപ്പ് ഉന്നത ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദർശിക്കുകയും ഏരിയൽ സർവേ വരും ദിവസങ്ങളിൽ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.
ഡാമിനെതിരെ ശക്തമായ പ്രതിഷേധം തീർത്തുകൊണ്ടിരിക്കുകയാണ് സേവ് പുൽപള്ളി ഡാം വിരുദ്ധ സമിതി. ഇതിന് പുറമേ വ്യാപാരി വ്യവസായി സംഘടനകളും പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ആവശ്യപ്പെട്ടിരുന്നു. ജനസാന്ദ്രത കൂടിയ പ്രദേശമാണ് ആനപ്പാറ. ഈ ഭാഗത്താണ് ഡാമിന് സ്ഥലം നിർമിച്ചിരിക്കുന്നത്.
ഡാം നൂറു കണക്കിന് കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ രണ്ട് വൻകിട പദ്ധതികളുടെ പ്രവൃത്തി ഇപ്പോഴും തുടരുകയാണ്. ഡാം ഒഴിവാക്കി ബദൽ പദ്ധതികൾ നടപാക്കണമെന്നാണ് ഇവരുടെ ആവശ്യം. പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനമെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാർ പറയുന്നു.
0.51 ടി.എം.സി ജലം സംഭരിക്കുന്ന ഡാമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 28 മീറ്റർ ഉയരവും 400 മീറ്റർ നീളവുമാണ് ഡാമിന് കണക്കാക്കിയിരിക്കുന്നത്. സർവേ ഫലം പുറത്തുവന്നാൽ മാത്രമേ ആളുകളെ പദ്ധതി ദോഷകരമായി ബാധിക്കുമോ എന്ന് വ്യക്തമാകുകയുള്ളു. സി.പി.എം അടക്കമുള്ളൂ ചില രാഷ്ട്രീയ പാർട്ടികൾ പദ്ധതി പ്രവർത്തനങ്ങൾ ഉടൻ നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.