ആശ്വാസനീരായി കാരാപ്പുഴ വെള്ളം കബനിയിൽ
text_fieldsപുൽപള്ളി: പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കാരാപ്പുഴ അണക്കെട്ടിൽ നിന്നും തുറന്നുവിട്ട വെള്ളം കബനി നദിയിലെത്തി. വെള്ളിയാഴ്ച രാവിലെയോടെ വെള്ളം ചേകാടിയിലെത്തി. ഉച്ചയോടെയാണ് വെള്ളം കർണാടകയിലേക്ക് പ്രവേശിച്ചത്.
മരക്കടവിൽ കെട്ടിയ തടയണയിൽ നിന്ന് വെള്ളം പമ്പ് ഹൗസിലേക്ക് അടിച്ചു കയറ്റി ശുദ്ധീകരിച്ച ശേഷമാണ് ഇരു പഞ്ചായത്തുകളിലേക്കും വിതരണം ചെയ്യുക. കാരാപ്പുഴയിലെ കനാൽ വിതരണ ശൃംഖലയിലൂടെ അഞ്ച് ക്യൂമകസ് ജലമാണ് കബനിയിലേക്ക് തുറന്നിരിക്കുന്നത്. കേരളത്തിന്റെ ഭാഗം കഴിഞ്ഞതോടെ കബനി പുഴ വീതി കൂടിയ നിലയിലാണ്. പാറക്കെട്ടുകളുമാണ് എങ്ങും. അതുകൊണ്ട് തന്നെ പതിയെയാണ് മരക്കടവിലേക്ക് വെള്ളം എത്തുന്നത്. കൂടൽ കടവ് തടയണയിൽ സംഭരിച്ചിരിക്കുന്ന വെള്ളം ജലനിരപ്പ് ക്രമീകരിച്ചാണ് താഴേക്ക് ഒഴുക്കുന്നത്.
ജില്ലയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് ജലമെത്തിക്കുന്ന ശ്രമകരമായ ദൗത്യമാണ് അധികൃതർ നടത്തുന്നത്. ആദ്യത്തെ പരീക്ഷണം കൂടിയാണ് ഇത്. നിലവിലെ ജലക്ഷാമ പ്രതിസന്ധി തരണം ചെയ്യാനുള്ള താൽക്കാലിക സംവിധാനമാണിതെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കബനിയിലെത്തിയ വെള്ളം കുടിവെള്ള പദ്ധതിയിലൂടെ വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.