അക്ഷരങ്ങളിലേക്ക് തുഴയെറിയാനാവാതെ അവരിപ്പോഴും അക്കരെത്തന്നെ...
text_fieldsപുൽപള്ളി: അതിർത്തിക്കിപ്പുറം അക്ഷരങ്ങൾ മാടിവിളിക്കുേമ്പാഴും കേരളത്തിലേക്ക് തുഴയെറിയാനാവാതെ ആ കുട്ടികളിപ്പോഴും അക്കരെത്തന്നെ നിൽക്കുകയാണ്. കേരളത്തിലെ വിദ്യാലയങ്ങളിൽ പഠനം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും സ്കൂളിലെത്താൻ കഴിയാതെ പോവുകയാണ് ഒരുപറ്റം വിദ്യാർഥികൾക്ക്.
കബനി നദിക്കരെയുള്ള കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്നും വയനാട് അതിർത്തിയിലെ പെരിക്കല്ലൂർ, പുൽപള്ളി മേഖലകളിൽ പഠിക്കുന്ന സ്കൂൾ, കോളജ് വിദ്യാർഥികളുടെ പഠനമാണ് മുടങ്ങിയത്. കർണാടക തോണി സർവിസിന് വിലക്ക് ഏർപ്പെടുത്തിയതോടെയാണ് കുട്ടികൾക്ക് പഠനംമുടങ്ങിയത്.
കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് ഉള്ളവരെ മാത്രമേ കർണാടകയിലേക്ക് പ്രവേശിപ്പിക്കൂ. ഇതിെൻറ ചുവടുപിടിച്ചാണ് വിദ്യാർഥികളുടെ പഠനവും കർണാടക മുടക്കിയിരിക്കുന്നത്. ബൈരക്കുപ്പ, ഹൊസള്ളി, മച്ചൂർ ഭാഗങ്ങളിൽ നിന്ന് 150ഓളം വിദ്യാർഥികൾ വയനാട്ടിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ട്. ഇവരെല്ലാവരും മലയാളികളുമാണ്.
തോണി സർവിസ് മുടങ്ങിയിട്ട് ഏഴു മാസത്തിലേറെയായി. റോഡുവഴിയുള്ള ഗതാഗതം മാത്രമെ അനുവദിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ എത്താൻ പറ്റാത്ത സാഹചര്യമാണ്.
പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലടക്കം പഠിക്കുന്ന വിദ്യാർഥികൾ പഠനത്തിന് വിലക്കേർപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
മൈസൂർ ജില്ല കലക്ടർ അടക്കമുള്ളവരെ വിഷയം അറിയിച്ചിട്ടും കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കാനുള്ള നടപടി വൈകുകയാണ്. വയനാട് കലക്ടറടക്കം കർണാടകയുമായി ബന്ധപ്പെട്ട് പ്രശ്നത്തിൽ ഇടപെട്ടെങ്കിലും അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.