കബനിയിലെ തോണി സർവിസ് പുനരാരംഭിച്ചില്ല; കേരളത്തിൽ എത്താനാവാതെ കർണാടക വിദ്യാർഥികൾ
text_fieldsപുൽപള്ളി: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി അതിർത്തിയിലെ ഗതാഗതം നിയന്ത്രിക്കുന്നതിന് അധികൃതർ റോഡുകൾ അടക്കുകയും കബനി നദിയിലെ തോണി സർവിസുകൾ നിർത്തുകയും ചെയ്തതോടെ ദുരിതത്തിലായി കർണാടക വിദ്യാർഥികൾ.നവംബർ ഒന്നു മുതൽ കേരളത്തിലെ സ്കൂളുകളിൽ റെഗുലർ ക്ലാസുകൾ ആരംഭിക്കുന്നതിനാൽ 150ൽ അധികം വിദ്യാർഥികളും രക്ഷാകർത്താക്കളും ആശങ്കയിലാണ്. സുൽത്താൻ ബത്തേരി, പുൽപള്ളി, പെരിക്കല്ലൂർ എന്നിവിടങ്ങളിലെ സ്കൂളുകളിലും കോളജുകളിലും എത്താൻ ഇവർക്ക് നദിമുറിച്ചുകടക്കാൻ തോണി സർവിസ് പുനരാരംഭിക്കണമെന്നാണ് ആവശ്യം.
ബാവലി, മച്ചൂർ, അണ്ണാമല, ഹൊസള്ളി അതിർത്തി ഗ്രാമങ്ങൾ കർണാടക എച്ച്.ഡി കോട്ട താലൂക്കിൽപെട്ടതാണെങ്കിലും ഈ പ്രദേശങ്ങളിലുള്ളവർക്ക് കൂടുതൽ അടുത്തും സൗകര്യവും കേരളത്തിലെ വിദ്യാലയങ്ങളാണ്.
അതിനാൽ െപരിക്കല്ലൂരിലെയും പുൽപള്ളിയിലെയും വിദ്യാലയങ്ങളിൽ എത്താൻ വിദ്യാർഥികൾ നദി മുറിച്ചുകടക്കുമ്പോൾ ബിരുദ കോഴ്സുകൾ പഠിക്കുന്നവർ സുൽത്താൻ ബത്തേരിയിലെ കോളജുകളിൽ എത്താൻ ബസുകളെയും ആശ്രയിക്കുന്നു. പുൽപള്ളിയിലടക്കം എത്താൻ വഴിയില്ലാതായതോടെ കോളജ് വിദ്യാർഥികൾക്ക് റെഗുലർ ക്ലാസുകൾ നഷ്ടപ്പെടുകയാണ്.ഇതു തുടരുകയാണെങ്കിൽ ഹാജർ കുറവുണ്ടാവുമെന്നും അധ്യയന വർഷംതന്നെ നഷ്ടപ്പെടുമെന്നും വിദ്യാർഥികൾ ഭയക്കുന്നു.
കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ ഒഴിവാക്കി എച്ച്.ഡി കോട്ടയിലെയും മറ്റു സ്ഥലങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മക്കളെ അയക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരാണ് ഭൂരിഭാഗം രക്ഷാകർത്താക്കളും.
അഞ്ച് മാസത്തിലേറെയായി കേരളത്തിലെ കൃഷിയിടങ്ങളിൽ ജോലി ചെയ്യാൻ കഴിയാത്തതിനാൽ പലർക്കും ജോലി നഷ്ടപ്പെട്ടു. ഇവരിൽ പലർക്കും അക്കൗണ്ടുള്ളത് കേരളത്തിലെ ബാങ്കുകളിലാണ്. കർശന നിയന്ത്രണങ്ങൾ കാരണം ബാങ്കിലെത്താൻ ഇവർക്ക് കഴിയാത്തതും വൻ പ്രയാസമാണുണ്ടാക്കുന്നത്.
അന്തർസന്ത, എച്ച്.ഡി കോട്ടേ, ബെൽത്തൂർ എന്നിവിടങ്ങളിലെ ബാങ്കുകളിലെത്താൻ ഇവർക്ക് വളരെ ദൂരം യാത്ര ചെയ്യണം. എന്നാൽ, െപരിക്കല്ലൂരിൽ എത്താൻ 20 മിനിറ്റ് യാത്ര ചെയ്താൽ മതിയാവും. സർക്കാർ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് പ്രാദേശിക അധികൃതർക്ക് രക്ഷാകർത്താക്കൾ നിവേദനം നൽകിയിട്ടുണ്ട്. കേരളത്തിൽ ദിവസേനയുള്ള കോവിഡ് കേസുകൾ വർധിച്ചതോടെ കർണാടക സർക്കാർ അതിർത്തികൾ അടക്കാൻ ഉത്തരവിടുകയായിരുന്നു.
തോണി സർവിസും നിർത്തി. ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിൽ കുഴിയെടുത്താണ് ഗതാഗതം തടസ്സപ്പെടുത്തിയത്. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും കർണാടകയിൽ പ്രവേശിക്കാൻ നിർബന്ധമാക്കിയതോടെ ആയിരങ്ങളാണ് പ്രയാസപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.