കാർത്യായനി പറയുന്നു, വേണം മഴ നനയാതൊരു വീട്
text_fieldsപുൽപള്ളി: തകർന്നുവീഴാറായ വീട്ടിൽ മഴയെ പേടിച്ചു കഴിയുകയാണ് വിധവയായ വയോധിക. പുൽപള്ളി ഭൂതാനം താന്നിക്കാമറ്റത്തിൽ കാർത്യായനിയുടെ വീടാണ് തകരാൻ പാകത്തിൽ നിൽക്കുന്നത്.
വീട് അനുവദിക്കണമെന്ന ഇവരുടെ വർഷങ്ങളായുള്ള ആവശ്യം അധികൃതർ നടപ്പാക്കിയിട്ടില്ല. 82 വയസ്സുള്ള കാർത്യായനിയും മകൻ യേശുദാസും മാത്രമാണ് വീട്ടിലുള്ളത്. കഴിഞ്ഞ ദിവസം വീടിനുള്ളിലേക്ക് ഷീറ്റ് പൊട്ടി മഴവെള്ളം വീണതിനെത്തുടർന്ന് ചോർച്ചയടക്കൻ കയറിയ യേശുദാസ് വീണ് നട്ടെല്ല് പൊട്ടി.
ഇപ്പോൾ ഇദ്ദേഹം കിടപ്പിലാണ്. മൂന്ന് മാസത്തേക്ക് ഒരു പണിക്കും പോകാൻ കഴിയുകയുമില്ല. ഇതോടെ വീട്ടുകാര്യങ്ങൾ നോക്കാൻ ആരും ഇല്ലാതായി. എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് കാർത്യായനി. 18 വർഷം മുമ്പാണ് ഇവർക്ക് മൂന്നു സെൻറ് സ്ഥലവും വീടും പഞ്ചായത്ത് നൽകിയത്.
വീട് മുഴുവനും ചോർന്ന് ഭിത്തി ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്.
ഇടിഞ്ഞു വീഴാറായ ഈ കൂരയിൽ ജീവൻ പണയം െവച്ചാണ് ഇവർ കഴിയുന്നത്. കഴിഞ്ഞ ഗ്രാമസഭ യോഗങ്ങളിലെല്ലാം ഇവർക്ക് വീട് അനുവദിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഇതിലും ഭേദപ്പെട്ട വീടുകൾ ഉള്ളവർക്ക് പുതിയ വീടുകൾ അനുവദിച്ചതായി കുടുംബം പറയുന്നു. ദുരിതത്തിലായ ഈ കുടുംബം ഉദാരമനസ്കരുടെ സഹായം തേടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.