അഭിഭാഷകന്‍റെ ആത്മഹത്യ; കർഷക സമര സമിതി ബാങ്ക് ഉപരോധിച്ചു
text_fieldsപുൽപളളി: പുൽപള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതരുടെ ജപ്തി നടപടി തുടർന്ന് ഇരുളത്ത് ആത്മത്യ ചെയ്ത അഭിഭാഷകൻ എം.വി. ടോമിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കർഷക സമരസമിതി ബാങ്കിനു മുന്നിൽ അനിശ്ചിത കാല ഉപരോധ സമരം തുടങ്ങി. ടോമിയുടെ കടങ്ങൾ എഴുതി തള്ളുക, കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകുക, ബാങ്ക് മാനേജറുടെ പേരിൽ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുക്കുക, സർഫാസി നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കേരള കർഷക സംഘം, അഖിലേന്ത്യാ കിസാൻ സഭ, കിസാൻ ജനതാദൾ, കർഷക യൂനിയൻ എം എന്നിവയുടെ നേതൃത്വത്തിലാണ് ഉപരോധം. സമരം കർഷക സംഘം ജില്ല സെക്രട്ടറി പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയർമാൻ എസ്.ജി. സുകുമാരൻ അധ്യക്ഷത വഹിച്ചു. ടി.ബി. സുരേഷ്, എം.എസ്. സുരേഷ് ബാബു, പ്രകാശ് ഗഗാറിൻ, എ.ജെ കുര്യൻ, ബെന്നി കുറുമ്പാലക്കാട്ട്, എൻ.യു വിൽസൺ, കുര്യാക്കോസ് മുള്ളൻമട, പി.കെ ബാബു, കെ.പി ഗിരീഷ് എന്നിവർ സംസാരിച്ചു. സമര സമിതി കൺവീനർ ജയൻ സ്വാഗതം പറഞ്ഞു.
ഉച്ചയോടെ സമരസമിതി നേതാക്കളെ പുൽപള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ എ. അനന്തകൃഷ്ണെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് ബാങ്ക് ശാഖ പ്രവർത്തനം ആരംഭിച്ചത്. ചർച്ചകളിലൂടെ ഒത്തുതീർപ്പായില്ലെങ്കിൽ സമരം ബുധനാഴ്ചയും തുടരും. ടി.ബി. സുരേഷ്, എ.വി. ജയൻ, പ്രകാശ് ഗഗാറിൻ, കെ.പി. ഗിരീഷ്, സി.ഡി അജീഷ്, എസ്.ജി സുകുമാരൻ, എ.ജെ കുര്യൻ, പി.കെ രാജപ്പൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ജനതാദൾ എസ് മാർച്ച്
പുൽപള്ളി: ടോമിയുടെ കുടുംബത്തെ സംരക്ഷിക്കാൻ ആവശ്യമായ നടപടി ബാങ്ക് അധികൃതർ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ -എസ് സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡന്‍റ് കുരിയക്കോസ് മുള്ളൻമട ഉദ്ഘാടനം ചെയ്തു. ബെന്നി കുറുമ്പാലക്കാട്ട്, എ.ജെ കുര്യൻ, ടി.കെ ബാബു, സുബൈർ കടന്നോളി, ബൈജു ഐസക്, ബാബു മീനംകൊല്ലി എന്നിവർ സംസാരിച്ചു.
ജപ്തി നടപടി നിർത്തിവെക്കണം -ഇടതുപക്ഷ കർഷക സമര സമിതി
പുൽപള്ളി: കാലാവസ്ഥാ വ്യതിയാനവും കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ചയും മൂലം കടക്കെണിയിലായവർക്കെതിരെ ഒരു ജപ്തി നടപടിയും അനുവദിക്കില്ലെന്ന് ഇടതുപക്ഷ കർഷക സമരസമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാർ പാസാക്കിയ സർഫാസി നിയമം സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ജനങ്ങളെ പീഡിപ്പിക്കാൻ ബാങ്ക് അധികൃതരേയോ പൊലീസുകാരെയോ അനുവദിക്കില്ല.
ഇരുളത്ത് അഭിഭഷകൻ എം.വി. ടോമി ആത്മഹത്യ ചെയ്തത് പുൽപള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതരുടേയും കേണിച്ചിറ പൊലീസ് സബ് ഇൻസ്പെക്ടറുടെയും കിരാത നടപടികൾ മൂലമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വില്ലേജ് തലത്തിൽ ജനകീയ സമര സമിതികൾ രൂപവത്കരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഇടതുപക്ഷ കർഷക സമരസമിതി നേതാക്കളായ ടി.ബി. സുരേഷ്, എ.വി. ജയൻ, പ്രകാശ് ഗഗാറിൻ, എസ്.ജി. സുകുമാരൻ, ബെന്നി കുറുമ്പാലക്കാട്ട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.