അഭിഭാഷകന്‍റെ ആത്മഹത്യ; പൊലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി
text_fieldsപുൽപള്ളി: അഭിഭാഷകന്‍റെ ആത്മഹത്യക്ക് ഇടയാക്കിയ സംഭവങ്ങളിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇരുളം ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി. ഇരുളത്ത് അഡ്വ. എം.വി. ടോമിയുടെ വീട്ടിൽ ജപ്തിക്ക് വന്ന പുൽപള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ അധികൃതരോടൊപ്പം ചേർന്ന് മനുഷ്യത്വരഹിതമായി പെരുമാറിയ കേണിച്ചിറ സ്റ്റേഷൻ ഹൗസ് ഓഫിസർ പി.പി. റോയിയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും നടപടിയയിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. ടോമിയുടെ വീട് ചവിട്ടിപ്പൊളിച്ച പൊലീസ് ഓഫിസർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. ആത്മഹത്യചെയ്ത ടോമിയുടെ കടം ബാങ്ക് എഴുതി ത്തള്ളുകയും ആശ്രിതർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
മാർച്ച് സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല കമ്മിറ്റി അംഗം എസ്.ജി. സുകുമാരൻ അധ്യക്ഷത വഹിച്ചു. എ. വിജയൻ, എ.ജെ. കുര്യൻ, ബെന്നി കുറുമ്പാലക്കാട്ട്, ടി.സി. ഗോപാലൻ, കെ.പി. രാമേന്ദ്രൻ എന്നിവർ സംസാരിച്ചു. പി.എം. ഷാജഹാൻ സ്വാഗതം പറഞ്ഞു.
ബാങ്കിന്‍റെ വിശദീകരണം അടിസ്ഥാന രഹിതമെന്ന് കർഷകസംഘം
പുൽപള്ളി: ഇരുളത്തെ അഭിഭാഷകൻ എം.വി. ടോമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതരുടെ വിശദീകരണം അടിസ്ഥാനരഹിതമാണെന്ന് കർഷകസംഘം ഏരിയ കമ്മിറ്റി. ജപ്തി നടത്തിയില്ലായെന്നും ഉപഭോക്താവിന് മേൽ ബാങ്ക് ഒരുവിധ സമ്മർദവും ചെലുത്തിയില്ലായെന്നും പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമം നടത്തിവരുകയാണെന്നുമുള്ള ബാങ്കിന്‍റെ വിശദീകരണം തെറ്റാണ്.
ബാങ്ക് വായ്പ കുടിശ്ശികയായതിനെ തുടർന്ന് സർഫാസി നിയമപ്രകാരം ബാങ്ക് നിയമ നടപടികൾ സ്വീകരിച്ചു. എന്നാൽ, വായ്പ കുടിശ്ശിക ഒത്തുതീർപ്പാക്കാനും വായ്പ അടക്കാനും ടോമിയുടെ കുടുംബം പലതവണ ബാങ്കിനെ സമീപിച്ചതാണ്. സംഭവദിവസം രാവിലെ മൂന്നുലക്ഷം രൂപയുമായി ബാങ്കിലെത്തിയ ടോമിയുടെ ഭാര്യയെ പണം സ്വീകരിക്കാതെ ബാങ്ക് അധികാരികൾ തിരിച്ചയച്ചു.
പൊലീസിന്‍റെയും സ്വകാര്യ റിക്കവറി ഏജൻസിയുടെയും സഹായത്തോടെ ടോമിയുടെ വീട്ടിലെത്തിയ കോടതി കമീഷനായ അഭിഭാഷകയും ബാങ്ക് അധികൃതരും കാട്ടിക്കൂട്ടിയത് മനുഷ്യത്വരഹിതമായ പ്രവൃത്തികളാണ്. വീടിന്‍റെ മുൻഭാഗം പ്രത്യേകം താഴിട്ട് പൂട്ടി. പുറത്തേക്കുള്ള വാതിൽ ഇരുമ്പുപട്ട വെച്ച് ബന്ധിച്ചു. അലമാരയിൽനിന്ന് വസ്ത്രങ്ങളും മറ്റു രേഖകളും വലിച്ചുവാരി താഴെയിട്ടു. കോടതി കമീഷനായെത്തിയ അഭിഭാഷകയുടെയും പൊലീസിന്‍റെയും സാന്നിധ്യത്തിലാണ് റിക്കവറി ഓഫിസർമാരെന്ന സ്വകാര്യ ക്വട്ടേഷൻ സംഘം ഇക്കാര്യങ്ങളെല്ലാം ചെയ്തത്. വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ച പൊലീസും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഒരു മനുഷ്യന്‍റെ മരണത്തിനുശേഷവും തങ്ങളുടെ തെറ്റായ നടപടിയെ ബാങ്ക് ന്യായീകരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ടോമിയുടെ കടബാധ്യതകൾ പൂർണമായും ബാങ്ക് ഏറ്റെടുത്ത് ഭൂമിയുടെ പ്രമാണം തിരികെ നൽകണം. ടോമിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിനും ബാങ്ക് തയാറാകണം. ഇക്കാര്യങ്ങൾ ഉന്നയിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കർഷക സംഘം ഏരിയ കമ്മിറ്റി തീരുമാനിച്ചു. എ.വി. ജയൻ അധ്യക്ഷത വഹിച്ചു. ടി.ബി. സുരേഷ്, പ്രകാശ് ഗഗാറിൻ, കെ.എൻ. സുബ്രഹ്‌മണ്യൻ, കെ.എസ്. ഷിനു, കെ.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഡി.വൈ.എഫ്.ഐ ബാങ്ക് ഉപരോധിക്കും
പുൽപള്ളി: അഡ്വ.ടോമിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ബന്ധപ്പെട്ടവരുടെ പേരില്‍ തക്കതായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പുൽപള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ ഉപരോധിക്കും. അഞ്ചു സെന്‍റ് ഭൂമിയും വീടും മാത്രമുള്ള കുടുംബത്തെ വഴിയാധാരമാക്കനുള്ള നീക്കമാണ് ബാങ്ക് നടത്തിയത്. വായ്പ ബാങ്ക് ഏറ്റെടുക്കുകയും കുടുംബത്തിന് നഷ്ടപരിഹാരം നൽകുകയും ചെയ്യണം. മരണത്തിനു ഉത്തരവാദിയായ മാനേജർക്കും അധികൃതർക്കും എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധമെന്ന് ഡി.വൈ. എഫ്.ഐ ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് ഷാഫി, പ്രസിഡന്‍റ് സി.എം. രജനീഷ് എന്നിവർ പറഞ്ഞു.
എഫ്.ആർ.എഫ് 'വിലാപയാത്ര' നടത്തും
പുൽപള്ളി: ഫാർമേഴ്‌സ് റിലീഫ് ഫോറം (എഫ്.ആർ.എഫ്) ജില്ല കമ്മിറ്റി തിങ്കളാഴ്ച പുൽപള്ളി സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിലേക്ക് ശവപ്പെട്ടിയേന്തി പ്രതീകാത്മക വിലാപയാത്ര നടത്തും. അഭിഭാഷകനായ എ.വി. ടോമിയുടെ ആത്മഹത്യക്ക് ഉത്തരവാദികളായ ബാങ്ക് ഉദ്യോഗസ്ഥരെയും അഡ്വക്കറ്റ് ജനറലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപള്ളി ശാഖക്കുമുന്നിൽ സമരം ശക്തമാക്കും.
ടോമിയുടെ കടബാധ്യത ബാങ്കും സർക്കാറും ചേർന്ന് ഏറ്റെടുക്കണമെന്നും വിധവയായ ടോമിയുടെ ഭാര്യക്ക് ബാങ്കിൽ ജോലി നൽകണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.