കന്നുകാലി ഇൻഷുറൻസ്; പ്രത്യേക പദ്ധതികൾ നടപ്പായില്ല
text_fieldsപുൽപള്ളി: ചർമമുഴ രോഗമുൾപ്പെടെ ബാധിച്ച് പശുക്കൾ ചത്തുപോകുന്ന സാഹചര്യത്തിൽ സർക്കാറിന്റെ പ്രത്യേക ഇൻഷുറൻസ് പദ്ധതികൾ ഇല്ലാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. നിലവിൽ ഉയർന്ന പ്രീമിയം നൽകി പശുക്കൾക്ക് ഇൻഷുറൻസെടുക്കേണ്ട സാഹചര്യമാണ് ക്ഷീര കർഷകർക്കുള്ളത്.
പ്രതിരോധ കുത്തിവെപ്പുൾപ്പെടെയുള്ള നടപടികൾ പഞ്ചായത്തുകളിൽ നടക്കുന്നുണ്ടെങ്കിലും ഉയർന്ന പ്രീമിയത്തിലുള്ള കന്നുകാലികൾക്കുള്ള ഇൻഷുറൻസ് തുക കുറക്കാൻ സർക്കാർതലത്തിൽ നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമാണ്. രോഗബാധമൂലം പശുക്കൾ ചാകുന്നത് വർധിച്ച സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ സർക്കാർതലത്തിൽ ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കണമെന്നാണ് ക്ഷീര കർഷകരുടെ ആവശ്യം.
സ്വകാര്യ കമ്പനികൾ ഇൻഷുറൻസിന് ഉയർന്ന തുകയാണ് ഈടാക്കുന്നത്. ഇത് അടക്കാൻ സാധാരണ കർഷകർക്ക് പറ്റാത്ത അവസ്ഥയാണ്. സമീപകാലത്ത് രോഗബാധകൾ മൂലം പലയിടത്തും കന്നുകാലികൾ ചത്തിട്ടുണ്ട്. സർക്കാർ മുമ്പ് 1000 രൂപയോളം പ്രീമിയം വരുന്ന ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഈ പദ്ധതി നാളിതുവരെ യാഥാർഥ്യമായിട്ടില്ല. എല്ലാ പശുക്കൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞിരുന്നു.
നാളിതുവരെ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇത് കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. ജില്ലയിൽ ഈ വർഷം ചർമമുഴരോഗമടക്കം പശുക്കളിൽ പടർന്നുപിടിച്ചിരുന്നു. പലയിടത്തും പശുക്കളും ചത്തു. കഴിഞ്ഞ ദിവസം നെന്മേനിയിൽ ചർമ മുഴ രോഗം ബാധിച്ച് പശു ചത്തിരുന്നു. ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്ന കർഷകർക്ക് ഇത് വൻ തിരിച്ചടിയാണ്.
പുൽപള്ളിയിൽ 6500 പശുക്കൾക്ക് കുത്തിവെപ്പ് നൽകി
പുൽപള്ളി: പശുക്കളിൽ കണ്ടെത്തിയ ചർമമുഴ രോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പിൽ മുന്നേറ്റം നടത്തി പുൽപള്ളി. പുൽപള്ളി മൃഗാശുപത്രിക്ക് കീഴിൽ മൂന്നു മാസത്തിനിടെ 6500 പശുക്കൾക്കാണ് പ്രതിരോധകുത്തിവെപ്പ് നൽകിയത്. സമീപകാലത്ത് ഈ രോഗം പ്രദേശത്തെ പശുക്കളിൽ പടർന്നുപിടിച്ചിരുന്നു.
സംസ്ഥാനതലത്തിൽ തന്നെ രോഗവ്യാപനം തടയുന്നതിന് പ്രതിരോധകുത്തിവെപ്പ് തുടരുകയാണ്. പുൽപള്ളിയിൽ 95 ശതമാനത്തിലേറെ കന്നുകാലികൾക്കും പ്രതിരോധകുത്തിവെപ്പ് നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഡോ. കെ.എസ്. പ്രേമന്റെ നേതൃത്വത്തിലാണ് പുൽപള്ളി മേഖലയിൽ പ്രതിരോധകുത്തിവെപ്പ് നൽകിവരുന്നത്.
ആദിവാസി മേഖലയിലടക്കം രോഗം ചെറുക്കുന്നതിന് കന്നുകാലികളിൽ പ്രതിരോധ കുത്തിവെപ്പ് നൽകാൻ കഴിഞ്ഞതായി വെറ്ററിനറി സർജൻ കെ.എസ്. പ്രേമൻ പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിലാണ് വിവിധ സ്ക്വാഡുകളാക്കിത്തിരിച്ച് പശുക്കൾക്ക് കുത്തിവെപ്പ് നൽകിയത്.
വാക്സിനെടുത്ത പശുക്കൾക്ക് മരണം സംഭവിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. കറവയുടെയോ ഗർഭാവസ്ഥയിലുള്ള ഏത് ഘട്ടത്തിലോ കുത്തിവെപ്പ് സുരക്ഷിതമാണ്. പുൽപള്ളിയിൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കുത്തിവെപ്പ് 100 ശതമാനം ആക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മൃഗസംരക്ഷണ വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.