വായ്പ തട്ടിപ്പ്: ഇനി എന്തു ചെയ്യും? ജീവിതം ചോദ്യചിഹ്നമായി ഇരകൾ
text_fieldsപുൽപള്ളി: പുൽപള്ളി സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിന് ഇരയായ കുടുംബങ്ങൾ ജീവിത മാർഗം കണ്ടെത്താനാവാതെ ദുരിതത്തിൽ. തങ്ങളുടെ വീടും പുരയിടവും ഈട് വെച്ച് ബിനാമി സംഘം ലക്ഷങ്ങൾ വായ്പ എടുത്തതോടെ ധനകാര്യസ്ഥാപനങ്ങളിൽ നിന്നടക്കം വായ്പ ലഭിക്കാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങൾ. ജീവനൊടുക്കിയ ചെമ്പകമൂലയിലെ രാജേന്ദ്രൻ നായരുടെ കുടുംബം ഭാവിക്കുമുന്നിൽ പകച്ചുനിൽക്കുകയാണ്.
വീട് നിർമാണ ആവശ്യത്തിനായി ബാങ്കിൽ നിന്ന് മൂന്നര ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. ഈ തുക തിരിച്ചടക്കാൻ ബാങ്ക് ആവശ്യപ്പെട്ടപ്പോൾ കാപ്പിസെറ്റിലുള്ള ഇവരുടെ ഭൂമി വിറ്റ് നാലു ലക്ഷം രൂപയുമായി ബാങ്കിലെത്തി. ഈ തുക സജീവൻ എന്നയാൾ വാങ്ങി. ശേഷം 73,000 രൂപ വായ്പയായി നൽകുകയും ചെയ്തു. ഈ തുക മാത്രമാണ് ബാങ്കിൽ അടക്കാനുള്ളതെന്ന വിശ്വാസത്തിലായിരുന്നു രാജേന്ദ്രൻ നായർ.
ബാങ്കിൽ നിന്നും പിന്നീട് ലഭിച്ച അറിയിപ്പിലാണ് 25 ലക്ഷം രൂപ തന്റെ പേരിൽ വായ്പ ഉളളതായി അറിയുന്നത്. ഈ തുക ഇപ്പോൾ 40 ലക്ഷം രൂപക്ക് മുകളിലായി. ഇതിന്റെ മനോവിഷമത്തിലായിരുന്നു രാജേന്ദ്രൻ. ഭാരിച്ച കടമുണ്ടെന്ന വിവരം അറിഞ്ഞതിനെത്തുടർന്ന് കുടുംബാംഗങ്ങൾ എല്ലാവരും എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലായി. ഇതിനിടെ രാജേന്ദ്രൻ നായരുടെ അമ്മ മരണപ്പെട്ടു.
ഇപ്പോൾ വീട്ടിൽ രാജേന്ദ്രൻ നായരുടെ പ്രായമായ അച്ഛനടക്കമുള്ളവരാണുള്ളത്. ഇവർ പശുക്കളെ വളർത്തിയാണ് ഉപജീവന മാർഗം നടത്തുന്നത്. തങ്ങളുടെ ഭൂമിയുടെ രേഖ തിരിച്ചുനൽകണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വീട്ടിലെ ഒരംഗത്തിന് ജോലി നൽകമെന്നുമാണ് ഇവരുടെ ആവശ്യം.
പുൽപള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: പ്രത്യേക സംഘം ഇന്ന് വയനാട്ടിൽ
കല്പറ്റ: പുല്പള്ളി സര്‍വിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സഹകരണ മന്ത്രിയുടെ നിര്‍ദേശത്തെ തുടർന്ന് രജിസ്ട്രാര്‍ നിയോഗിച്ച പ്രത്യേകസംഘം തിങ്കളാഴ്ച ജില്ലയിലെത്തും. വായ്പ തട്ടിപ്പിനിരയായി കടക്കെണിയിൽപെട്ട കര്ഷകന് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണത്തിനു സംഘത്തെ നിയോഗിച്ചത്.
സഹകരണ സംഘം രജിസ്ട്രാര്‍ സഹകരണ നിയമത്തിലെ വകുപ്പ് 66(1) പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കിയത്. ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി. അയ്യപ്പൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ അസി.രജിസ്ട്രാര്‍ അരുണ്‍ വി. സജികുമാര്‍, സഹകരണ ഉദ്യോഗസ്ഥരായ ആര്. രാജാറാം, പി. ജ്യോതിഷ്കുമാര്‍, എം. ബബീഷ് എന്നിവരാണുള്ളത്.
പുല്പള്ളിയിലെത്തുന്ന സംഘം വായ്പ വിതരണത്തിലെ ക്രമക്കേടുകള്‍, ബാങ്കിന്റെ ആസ്തി-ബാധ്യതകള്‍, ബാങ്കിന്റെ പൊതുഫണ്ട് ദുര്‍വിനിയോഗം എന്നിവ സംബന്ധിച്ച് പരിശോധന നടത്തും. കോണ്‍ഗ്രസ് മുന്‍ ഭരണസമിതിയുടെ കാലത്ത് വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ചു നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
2015-16ല്‍ ബാങ്കില്‍ നടന്ന ഇടപാടുകളില്‍ ബിനാമി വായ്പ ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടന്നതായി സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ നേരത്തേ കണ്ടെത്തിയിരുന്നു.
തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകള്‍ വ്യാപകമായി അനുവദിക്കല്‍, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ വഴിവിട്ട് വായ്പ, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വായ്പ അനുവദിക്കല്‍, നിയമവിരുദ്ധമായി പ്രോപ്പര്‍ട്ടി ഇന്സ്പെക്ഷന് ഫീസ് കൈപ്പറ്റല്‍, ഈട് വസ്തുവിന്റെ അസ്സല് പ്രമാണം ഇല്ലാതെ വായ്പ അനുവദിക്കല്‍, ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള മൂല്യം കുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പകള്‍ നല്കല്, പണയസ്വത്തുക്കളെക്കുറിച്ചു അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാജമായ വസ്തുതകള്‍ ചേര്‍ക്കല്‍ തുടങ്ങിയ നിരവധി ക്രമക്കേടുകൾ ബാങ്കിൽ നടന്നതായാണ് പരാതി.
ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണസമിതിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന കെ.കെ. അബ്രഹാമും ബാങ്ക് സെക്രട്ടറിയും നിലവിൽ റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.