ചേകാടിയിലെ കുതിര പരിശീലന കേന്ദ്രത്തിനെതിരെ നാട്ടുകാർ
text_fieldsപുൽപള്ളി: ചേകാടിയിലെ കുതിര പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനം കൃഷിയെയടക്കം ബാധിക്കുമെന്ന് നാട്ടുകാർ. അനധികൃത നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് നാട്ടുകാർ ആർ.ഡി.ഒ, വനം, കൃഷി, പഞ്ചായത്ത്, മനുഷ്യാവകാശ കമീഷൻ തുടങ്ങിയവർക്ക് പരാതി നൽകി. കൃഷി ഓഫിസർ ഇന്നലെ സ്ഥലം സന്ദർശിച്ചു. ഇന്ന് റവന്യൂ അധികൃതർ സ്ഥലം സന്ദർശിക്കും.
ഈയടുത്ത് ഏക്കർ കണക്കിന് നെൽകൃഷി ചെയ്തിരുന്ന വയൽ വാങ്ങിയ ആൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുകയാണ്. കുതിരകളെ പാർപ്പിക്കുന്നതിനായാണ് ഷെഡുകളടക്കം നിർമിച്ചിരിക്കുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വയൽ കിളച്ചുമറിച്ചിട്ടുണ്ട്. മുടവൻകര ലിഫ്റ്റ് ഇറിഗേഷനിൽനിന്ന് വെള്ളം കൊണ്ടുപോകുന്ന കനാലുകൾ ഇടിഞ്ഞുപോകുംവിധം കിടങ്ങുകൾ നിർമിച്ചു.
കുതിരലായങ്ങളുണ്ടാക്കിയത് അനുമതിയില്ലാതെയാണെന്ന് പരാതിയുണ്ട്. ആദിവാസി സ്ത്രീകളും കുട്ടികളും അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന ചെറുപുഴയുടെ കരക്കാണ് നിർമാണം. ഈ ഫാമിനടുത്തായി 200ൽപരം ആദിവാസികൾ വസിക്കുന്നുണ്ടെന്ന് ഗോത്രനേതാവ് കെ.എസ്. മല്ലൻ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതിന് ഊരുകൂട്ടത്തിൽ പരാതിപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ലത്രേ.
പാടസംരക്ഷണ സമിതിയും അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. അനുമതിയില്ലാതെ ഒരു ശൗചാലയം പോലും വയലിൽ നിർമിക്കാൻ പാടില്ലെന്നിരിക്കെയാണ് ഇത്തരം പ്രവൃത്തികൾ. കുതിരകളുടെ വിസർജന മാലിന്യം ചെറിയ പുഴയെ മലിനമാക്കുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.