ക്വാറിക്കെതിരെ പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു
text_fieldsപുൽപള്ളി: പാടിച്ചിറക്കടുത്ത അറുപതുകവല ഇന്ദിര നഗറിൽ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന കരിങ്കല്‍ ക്വാറിക്കെതിരെ പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇവിടെ ക്വാറികള്‍ക്ക് നല്കിയ പ്രവര്‍ത്തനാനുമതി റദ്ദുചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ക്വാറി വിരുദ്ധ ജനകീയ കമ്മിറ്റി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തനം ആരംഭിക്കാൻ പോകുന്ന ക്വാറിയുടെ 200 മീറ്ററിനുള്ളില്‍ ആദിവാസി കോളനിയും നിരവധി വീടുകളുമുണ്ട്. കൂടാതെ തൊട്ടടുത്ത് ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. ഈ ക്വാറിയുടെ സമീപന റോഡിലൂടെ നാലു സ്കൂള്‍ ബസും പത്തോളം ഓട്ടോറിക്ഷകളും നാലു മിനി ബസുകളും വിദ്യാര്‍ഥികളെ സ്കൂളില്‍ എത്തിക്കാന്‍ സര്‍വിസ് നടത്തുന്നുണ്ട്.
നൂറുകണക്കിന് വിദ്യാര്‍ഥികള്‍ നടന്നും ഈ വഴി സ്കൂളില്‍ പോകുന്നുണ്ട്. പുൽപള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന ജല അതോറിറ്റിയുടെ പമ്പ് ഹൗസും ജല്‍ ജീവന് മിഷന്റെ പുതിയ പമ്പ് ഹൗസും പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ഈ ക്വാറിയുടെ തൊട്ടടുത്താണ്. ക്വാറിയുടെ താഴെ ഒരു തോടും വയലുമാണ്.
സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ രണ്ടു കുടിവെള്ള പദ്ധതിയുമുണ്ട്. ഇവിടെ ക്വാറി പ്രവര്‍ത്തനം തുടങ്ങിയാല്‍ അവിടെ നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ കുടിവെള്ള സ്രോതസ്സുകളെ മലിനപ്പെടുത്തുകയും കൃഷി നാശം വരുത്തുകയും ചെയ്യും. ഇവിടെ മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ മറ്റൊരു ക്വാറിയും പ്രദേശവാസികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ക്വാറിയുടെ പ്രവര്‍ത്തനം മൂലം തദ്ദേശവാസികളുടെ വീടുകള്‍ക്ക് കേടുപാട് സംഭവിക്കുന്നുണ്ട്. ഈ രണ്ട് ക്വാറികള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയതിനെക്കുറിച്ച് ഗ്രാമസഭയോ പൊതുജനങ്ങളോ അറിഞ്ഞിട്ടില്ല. ഗ്രാമപഞ്ചായത്തംഗം അമ്മിണി സന്തോഷ്, പി.കെ. രാജന്, മാത്യു കുളമ്പള്ളി, ജൂലി സാജു എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.