പെരിക്കല്ലൂരിൽനിന്നും ദീർഘദൂര ബസുകൾ റദ്ദാക്കി; വൻപ്രതിഷേധം
text_fieldsപുൽപള്ളി: പെരിക്കല്ലൂരിൽ നിന്നും പാല- അടൂർ ഭാഗങ്ങളിലേക്കുള്ള ദീർഘദൂര സർവിസുകൾ കെ.എസ്.ആർ.ടി.സി നിർത്തലാക്കിയതിൽ പ്രതിഷേധം ഉയരുന്നു.
സി.പി.എം, കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ സംഘടനകൾ ഇതിനെതിരെ രംഗത്തുവന്നു. കുടിയേറ്റ കാലം മുതൽ പെരിക്കല്ലൂരിൽ നിന്നും ദീർഘദൂര സർവിസുകൾ ഉണ്ടായിരുന്നു. പുലർച്ചെ 3.30 ന് ആരംഭിക്കുന്ന ബസ് സർവിസ് കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റും പോകുന്നവർക്ക് ഏറെ സഹായകരമാണ്. രാത്രി ഒമ്പതിന് പുറപ്പെടുന്ന അടൂർ ബസ് പുൽപള്ളിയിൽ നിന്നുള്ള അവസാന ബസ് സർവിസാണ്. വിദ്യാർഥികൾ അടക്കമുള്ളവർക്ക് ഏറെ സൗകര്യപ്രദമായ സർവിസുകളാണ് നിർത്തലാക്കിയിരിക്കുന്നത്.
പെരിക്കല്ലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ ആരംഭിക്കുന്നതിനുളള നടപടിക്രമങ്ങൾ നടക്കവേ ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായത് നാടിനോടുള്ള വെല്ലുവിളിയാണ്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനമുള്ള രണ്ട് ഷെഡ്യൂളുകളാണ് റദ്ദാക്കിയതായി അറിയിച്ചിരിക്കുന്നത്.
സ്വകാര്യ ബസ് മേഖലയെ പ്രീണിപ്പിക്കാനാണ് ഈ തീരുമാനം. വർഷങ്ങളായി സർവിസ് നടത്തിക്കൊണ്ടിരിക്കുന്ന ബസുകൾ നിർത്തുന്നതിനെതിരെ പെരിക്കല്ലൂരിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സർവിസുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.