അഞ്ചുമാസം പിന്നിട്ട് മരിയനാട് ഭൂസമരം
text_fieldsപുൽപള്ളി: പാമ്പ്ര-മരിയനാട് ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഭൂസമരം ആരംഭിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും ഭൂമി പതിച്ചുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. മരിയനാട് എസ്റ്റേറ്റിലാണ് ആദിവാസി കുടുംബങ്ങൾ കുടിൽകെട്ടി സമരം ആരംഭിച്ചിരിക്കുന്നത്. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക് നൽകണം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് സമരം.
മരിയനാട് എസ്റ്റേറ്റിൽ വന വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 235 ഏക്കർ എസ്റ്റേറ്റിലാണ് മെയ് 31ന് ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ 150ഓളം കുടുംബങ്ങൾ കുടിൽകെട്ടി സമരം ആരംഭിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 500ഓളം ആദിവാസി കുടുംബങ്ങളാണ് ഇേപ്പാൾ വെയിലും മഴയും തണുപ്പും വകവെക്കാതെ ഒരു തുണ്ട് ഭൂമിക്കായി കുടിൽകെട്ടി സമരം ചെയ്യുന്നത്.
ഇതിൽ ഭൂരഹിതരായവരും കൈവശരേഖ കിട്ടിയവരും പ്രളയ ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളുമുണ്ട്. ഇരുളം ഭൂസമര സമിതിയുടെയും ആദിവാസി ഗോത്ര മഹാസഭയുടെയും നേതൃത്വത്തിൽ ഒരുഭാഗത്തും മറുഭാഗത്ത് ഇതര ആദിവാസി സംഘടനകളുടെ നേതൃത്വത്തിലുമാണ് സമരം.
മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്കടക്കം അർഹമായ ഭൂമി പതിച്ചുനൽകുന്നതിന് രണ്ടു പതിറ്റാണ്ടിനുശേഷവും സർക്കാർ അലംഭാവം തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരിടവേളക്കുശേഷം വയനാട്ടിൽ വീണ്ടും ആദിവാസികൾ സമരവഴിയിലേക്കിറങ്ങിയത്.
മരിയനാട് തോട്ടത്തിലെ ആദിവാസികൾ ഒഴികെയുള്ള മുഴുവൻ കൈയേറ്റങ്ങളും അടിയന്തരമായി ഒഴിപ്പിക്കണം, മുത്തങ്ങ പാക്കേജിൽ ഉൾപ്പെട്ടവർക്കും പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്കും മുൻഗണന നൽകി ഭൂമി അടിയന്തരമായി പതിച്ചുനൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കുടിവെള്ളമോ പ്രാഥമികാവശ്യം നിറവേറ്റാനുള്ള സൗകര്യങ്ങളോ സമരഭൂമിയിലില്ല. ദൂരെ സ്ഥലങ്ങളിൽ പോയി തലച്ചുമടായി വെള്ളം കൊണ്ടുവരണം. പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും കൊണ്ട് കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക കുടിലുകളിലാണ് കുടുംബങ്ങൾ കനത്ത മഴയെ അവഗണിച്ച് കഴിയുന്നത്. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കക്കൂസുകളാണ് ഈ കുടുംബങ്ങൾ പ്രാഥമിക ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത്.
മരിയനാട് എസ്റ്റേറ്റ് ഭൂരഹിത പട്ടികവർഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പതിച്ചുനൽകുന്നതിനായി നീക്കിവെച്ചിട്ടുള്ളതാണ്.അറിയിപ്പ് എന്ന പേരിൽ ഇക്കാര്യം വ്യക്തമാക്കി എസ്റ്റേറ്റിന്‍റെ പല ഭാഗങ്ങളിലും ചെതലയത്ത് റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ പേരിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാനുണ്ടെന്ന പേരിൽ ആദിവാസികൾക്ക് ഭൂമി പതിച്ചുനൽകുന്നത് നീട്ടിക്കൊണ്ടുപോവുകയാണ്. മുത്തങ്ങ സമരത്തിൽ പങ്കെടുത്ത 40 കുടുംബങ്ങൾക്ക് നൽകാനായി എസ്റ്റേറ്റിന്‍റെ ഒരു ഭാഗത്ത് 40 ഏക്കർ ഭൂമി അളന്നു തിട്ടപ്പെടുത്തിയെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല. സമരത്തിൽ പങ്കെടുക്കുന്ന ഏതാനും കുടുംബങ്ങൾക്ക് ഭൂമിയുടെ കൈവശ രേഖ കൈമാറിയിരുന്നു.
എന്നാൽ, തൊഴിലാളികൾ തടസ്സപ്പെടുത്തുന്നുവെന്ന കാരണം പറഞ്ഞ് ഭൂമി അളന്നുതിട്ടപ്പെടുത്തുന്ന നടപടി അധികൃതർ നിർത്തിവെച്ചിരിക്കുകയാണ്. 130ഓളം സ്ഥിരം തൊഴിലാളികളാണ് എസ്റ്റേറ്റിലുണ്ടായിരുന്നത്. ഇതിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.
പല തൊഴിലാളി കുടുംബങ്ങളും എസ്റ്റേറ്റ് ഭൂമി കൈവശം വെച്ചിരിക്കുകയാണ്. തങ്ങൾക്കുള്ള പ്രൊവിഡന്‍റ് ഫണ്ട് (പി.എഫ്) ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പൂർണമായി തന്നാൽ മാത്രമേ എസ്റ്റേറ്റ് വിട്ടുപോകുകയുള്ളൂവെന്നാണ് ഈ കുടുംബങ്ങൾ പറയുന്നത്. ഇവർക്കുള്ള ആനുകൂല്യങ്ങൾ എത്രയും വേഗത്തിൽ കൈമാറി എസ്റ്റേറ്റ് ഭൂമി നീതിയുക്തമായി അർഹരായ ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.