ആർച്ചറി അക്കാദമി വികസനത്തിന് പുതിയ പദ്ധതികൾ
text_fieldsപുൽപള്ളി: ആർച്ചറി അക്കാദമിയുടെ വികസനത്തിന് പുതിയ പദ്ധതികൾ തയാറാക്കുമെന്ന് ജില്ല സ്പോർട്സ് ക്ലബ്. സംസ്ഥാനത്തെ ഏക അമ്പെയ്ത്ത് കേന്ദ്രമായ പുൽപള്ളിയിലെ അക്കാദമി വർഷങ്ങളായി പരാധീനതകൾക്ക് നടുവിലാണ്. ഇതിനെ മറികടക്കാനാണ് പുതിയ പദ്ധതി കൊണ്ടു ലക്ഷ്യം വെക്കുന്നത്. 2010ലാണ് പുൽപള്ളി പഞ്ചായത്ത് എട്ട് ഏക്കർ ഭൂമി അമ്പെയ്ത്ത് പരിശീലന കേന്ദ്രത്തിനായി സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന് കൈമാറിയത്.
അക്കാദമി ആരംഭിച്ച ശേഷം ദേശീയ സംസ്ഥാന മത്സരങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഇവിടുത്തെ കായികതാരങ്ങൾക്ക് കഴിഞ്ഞു. കായിക പരിശീലനത്തിനുള്ള ഉപകരണങ്ങളുടെ കുറവ് കുട്ടികളെ ബാധിക്കുന്നുണ്ട്. 14 വർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾ യാതൊന്നും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കെട്ടിടങ്ങളിലാണ് കുട്ടികളുടെ താമസം.
ആവശ്യത്തിന് സൗകര്യങ്ങൾ തീരെയില്ല. പഴയകാല ഉപകരണങ്ങളാണ് പരിശീലനത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാൻ അധികൃതർ മൗനം പാലിക്കുകയാണെന്നും പരാതിയുണ്ട്. 100 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലുമുള്ള ഗ്രൗണ്ട് മാത്രമാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്.
ഖേലോ ഇന്ത്യാ പ്രൊജക്ടിലുള്ള കുട്ടികളും ഇപ്പോൾ ഇവിടെ പരിശീലനം നേടുന്നുണ്ട്. എട്ടേക്കർ ഭൂമിയിൽ 90 ശതമാനവും കാടുമൂടി കിടക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനകേന്ദ്രം ആരംഭിക്കാൻ പ്ാപ്പോസൽ നൽകിയിട്ടുണ്ടെന്ന് സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്റ് എം. മധു പറഞ്ഞു. വിവിധങ്ങളായ കായിക മത്സരങ്ങൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇൻഡോർ സ്റ്റേഡിയം അടക്കം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്ക് വൈകാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.