വന്യമൃഗ ശല്യം പരിഹരിക്കാൻ നടപടിയില്ല; വയനാടിന്റെ നെല്ലറ സംരക്ഷിക്കാൻ പെടാപ്പാട്
text_fieldsപുൽപള്ളി: ചേകാടിയിലെ കർഷകർ കൃഷി സംരക്ഷിക്കാൻ പെടാപ്പാടുപെടുന്നു. വന്യജീവി ശല്യത്തിന് പരിഹാരം കണ്ടെത്താൻ തൂക്ക് ഫെൻസിങ്ങും മറ്റും വനാതിർത്തി ഗ്രാമങ്ങളിൽ സ്ഥാപിക്കുമ്പോഴാണ് വയനാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന ചേകാടിയിൽ ഇക്കാര്യത്തിൽ അധികൃതർ താൽപര്യമെടുക്കാത്തത്.
അധികൃതരുടെ ശ്രദ്ധപതിയാതായതോടെ പഴയ രീതിയിൽ തന്നെയാണ് ആനയേയും മറ്റും കർഷകർ തുരത്തുന്നത്. 250 ഏക്കറോളം വയലാണ് ചേകാടിയിലുളളത്. കൃഷിയിറക്കുന്നവരിൽ ഭൂരിഭാഗവും ചെട്ടിമാരും ഗോത്ര വിഭാഗക്കാരുമാണ്. കൃഷി സംരക്ഷിക്കുന്നതിന് പഴയ രീതിയിലുള്ള മാർഗങ്ങൾ തന്നെയാണ് ഇപ്പോഴും ഇവർ അവലംബിക്കുന്നത്.
ചെറിയ കമ്പി കൃഷിയിടത്തിന് പുറത്ത് വലിച്ചുകെട്ടി ഒരറ്റത്ത് മുളങ്കമ്പുകളും കല്ലും വെച്ച് അതിനടിയിൽ പടക്കം കെട്ടിയാണ് ആനകളെ തുരത്തുന്നത്. ആനകൾ എത്തുമ്പോൾ കമ്പികൾ വലിഞ്ഞ് കല്ല് പടക്കത്തിന് മുകളിലേക്ക് വീഴുന്നു.
അപ്പോൾ ഉണ്ടാകുന്ന ശബ്ദം കേട്ട് ആനയിറങ്ങിയെന്നറിയുന്ന നാട്ടുകാർ പാട്ടകൊട്ടിയും കൂക്കിവിളിച്ച് ശബ്ദുമുണ്ടാക്കിയും ഓടിക്കുകയാണ് പതിവ്. ഗന്ധകശാലയടക്കമുള്ള നാടൻ വിത്തിനങ്ങൾ ഇപ്പോഴും കൃഷിചെയ്യുന്ന പാടശേഖരമാണ് ചേകാടി. ഞാറു നടുന്നതുമുതൽ വിളവെടുക്കുന്നത് വരെ കാവലിരുന്നാണ് ഇവിടെ കൃഷി സംരക്ഷിക്കുന്നത്.
കബനി പുഴയോരത്തും വനത്തിന്റെ അതിർത്തി പ്രദേശങ്ങളിലും ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.