വാങ്ങാൻ ആളില്ലാതെ റിഗോഡി ഇഞ്ചി നശിക്കുന്നു; കർഷകർ ദുരിതത്തിൽ
text_fieldsപുൽപള്ളി: റിഗോഡി ഇഞ്ചി നട്ട കർഷകർ ദുരിതത്തിൽ. വിപണിയിൽ ഇഞ്ചി ആരുമെടുക്കാതായതോടെ കൃഷിയിടങ്ങളിൽ ഇവ നശിക്കുകയാണ്. കിലോക്ക് 10 രൂപ പോലും വിലയില്ലാത്ത അവസ്ഥയുമാണ്. മികച്ച വില പ്രതീക്ഷിച്ച് ആയരക്കണക്കിന് കർഷകരാണ് കർണാടകയിലും വയനാട്ടിലുമായി ഇഞ്ചി കൃഷി ആരംഭിച്ചത്. ഇതിൽ റിഗോഡി ഇനത്തിൽപ്പെട്ട ഇഞ്ചി പച്ചക്കറി ആവശ്യങ്ങൾക്കായാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഈ ഇനത്തിലുള്ള ഇഞ്ചി മറ്റ് ആവശ്യങ്ങൾക്ക് കാര്യമായി ഉപയോഗിക്കാറുമില്ല.
പുൽപള്ളി ചണ്ണോത്തുകൊല്ലി സ്വദേശിയായ ശ്രീനിവാസൻ കഴിഞ്ഞ ദിവസം പറിച്ച മൂന്ന് ടണ്ണോളം ഇഞ്ചി വിൽക്കാനാവാതെ വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇത് വിൽക്കാൻ വയനാട്ടിലെ മുഴുവൻ വിപണികളിലും ശ്രമിച്ചെങ്കിലും നടന്നില്ല. ദിവസങ്ങൾക്കുള്ളിൽ വിറ്റുപോയില്ലെങ്കിൽ ഇഞ്ചി പൂർണമായും നശിക്കും. ഇത്തരത്തിൽ ദുരവസ്ഥ നേരിടുന്ന നിരവധി കർഷകരുണ്ട്.
കോവിഡ് തുടക്കകാലം മുതൽ ഇഞ്ചിവില കുത്തനെ ഇടിഞ്ഞ് നിൽക്കുകയാണ്. ഇതുവരെ കച്ചവടക്കാർ ഇഞ്ചി വാങ്ങാറുണ്ട്. ഇപ്പോൾ കർഷകർ വിളയുമായി മാർക്കറ്റിലെത്തിയാൽ പുറമെ നിന്ന് ഓർഡറുകൾ ഇല്ലാത്തതിനാൽ ഇഞ്ചി എടുക്കുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. പാട്ടത്തിനും മറ്റും സ്ഥലമെടുത്ത് കൃഷി ആരംഭിച്ച കർഷകരാണ് ഏറെ വലയുന്നത്. പലരിൽ നിന്നും കടം മേടിച്ചും മറ്റുമാണ് കൃഷി തുടങ്ങിയത്.
ഇവരിൽ പലർക്കും നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. കൂലിച്ചെലവിനുള്ള തുകപോലും ഇഞ്ചി പറിച്ചുവിറ്റാൽ കിട്ടുന്നില്ല. പാട്ടത്തിനെടുത്ത സ്ഥലത്തുനിന്നും ഇഞ്ചി പറിച്ച് ഒഴിവാക്കി തരണമെന്ന് ഉടമകൾ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം ഒരു അവസ്ഥയിൽ വൻ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.