ദുരിതം വിതച്ച് കാട്ടാനകൾ; ആക്രമണത്തിൽ ആദിവാസി വീട്ടമ്മക്ക് പരിക്ക്
text_fieldsപുൽപള്ളി: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വീട്ടമ്മക്ക് പരിക്കേറ്റു. ചേകാടി ചാന്ദ്രോത്ത് കോളനിയിലെ കാളിയെയാണ് (66) കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെ 11 ഓടെ വീട്ടിൽനിന്ന് കടയിലേക്ക് പോകുമ്പോഴായിരുന്നു ആനക്കൂട്ടത്തിന്റെ മുന്നിൽപെട്ടത്. കാട്ടാനയുടെ ആക്രമണത്തിൽ കൈക്കും കാലിനും പരിക്കേറ്റ കാളിയെ പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രാഥമിക ചികിത്സക്കു ശേഷം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ മേഖലകളിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.
ആനശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ശല്യക്കാരായ ആനകളെ തുരത്തുന്നതിനോ വൈദ്യുതിവേലി സൗകര്യം ഒരുക്കുന്നതിനോ വനംവകുപ്പ് തയാറാകാത്തതാണ് മേഖലയിൽ ആനശല്യം വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
തൂക്കുവേലി നോക്കുകുത്തി; വേലി തകർത്ത് കൃഷിയിടത്തിൽ
പെരിക്കല്ലൂർ: തൂക്കുവേലി നോക്കുകുത്തിയായതോടെ വേലി തകർത്ത് കാട്ടാനകൾ നിരന്തരം കൃഷിയിടങ്ങളിലെത്തുന്നു. കൊളവള്ളി മുതൽ പെരിക്കല്ലൂർ വരെ നിർമിച്ച ആനവേലിയിൽ മരക്കടവ്, വരവൂർ ഭാഗങ്ങളിലാണ് നിർമാണത്തകരാർ ഉണ്ടായിട്ടുള്ളത്. ഇവിടങ്ങളിൽ വൈദ്യുതിവേലിയുടെ കമ്പി അകലം കൂട്ടിയാണ് ഇട്ടിരിക്കുന്നത്. കാലുകളിൽനിന്നും ദൂരത്തേക്ക് കമ്പിയിടാത്തതിനാൽ ആനയ്ക്കും മറ്റും പെട്ടെന്ന് കാലുകൾ ചവിട്ടി നശിപ്പിച്ച് പറമ്പിലേക്ക് കയറാൻ സാധിക്കും.
കൊളവള്ളി ഭാഗങ്ങളിൽ തുടക്കത്തിൽ നല്ല രീതിയിലായിരുന്നു നിർമാണം. പിന്നീട് ഇതിൽ വേണ്ടത്ര ശുഷ്കാന്തിയില്ലാതാവുകയായിരുന്നു. നാട്ടുകാർ നേരത്തേ നിർമാണ തകരാർ ചൂണ്ടിക്കാട്ടിയിരുന്നു. കരാറുകാർ വേണ്ടരീതിയിൽ അല്ല പണി നടത്തിയതെന്നും വിജിലൻസ് അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ രാത്രി മരക്കടവ് സെൻറ് ജോസഫ് പള്ളി, സെന്റ് കാതറിൻസ് കോൺവന്റ്, ജെസ്റ്റിസ് തൊമ്മിപറമ്പിലിന്റെ പറമ്പ് എന്നിവിടങ്ങളിലെത്തിയ ആനകൾ തെങ്ങ്, കപ്പ, കവുങ്ങ് തുടങ്ങി വിളകൾക്ക് വൻനാശമാണ് വരുത്തിയിട്ടുള്ളത്. കർണാടക വനമേഖലയിൽനിന്ന് വരുന്ന ആനകളാണ് ഇവിടെ കൃഷി നശിപ്പിക്കുന്നത്.
പനവല്ലിയിൽ താണ്ഡവം
മാനന്തവാടി: പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട് തകർന്നു. വീട്ടിനുള്ളിൽ കയറി കാട്ടാനയുടെ വിളയാട്ടം വീട്ടുപകരണങ്ങളും നശിപ്പിച്ചു. പനവല്ലി മൊടോമറ്റത്തിൽ അവറാച്ചന്റെ വീടിനോട് ചേർന്ന വിറക്പുര, അടുക്കള, അടുക്കളയോട് ചേർന്ന റൂം എന്നിവയാണ് കാട്ടാന നശിപ്പിച്ചത്.
തിങ്കളാഴ്ച രാത്രി അവറാച്ചന്റെ കൃഷിയിടത്തിൽ പ്രവേശിച്ച ആന അതിനോട് ചേർന്ന വീടിന്റെ അടുക്കളവാതിൽ തകർത്ത് വീട്ടിനുള്ളിൽ പ്രവേശിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയുമായിരുന്നു. അരിയും അടുക്കള ഉപകരണങ്ങളും ചിതറിത്തെറിച്ച നിലയിലാണ്. വീടിന് പിറകിലെ ഷെഡ്ഡിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് പൂർണമായും തകർന്നിട്ടുണ്ട്. ഷെഡിനോട് ചേർന്ന് നിർമിച്ച കരിങ്കൽ മതിലും തകർത്ത നിലയിലാണ്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അവറാച്ചൻ പയ്യമ്പള്ളിയിലെ കുടുംബ വീട്ടിൽ പോയ സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം. വനം വകുപ്പുദ്യോഗസ്ഥർ രാവിലെ സ്ഥലം സന്ദർശിച്ചു.
മുൻപും കൃഷിയിടത്തിൽ ആന പ്രവേശിച്ച് നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് വീടിന് നാശം വരുത്തിയതെന്നും അവറാച്ചൻ പറഞ്ഞു. പനവല്ലി ഉൾപ്പെടുന്ന തിരുനെല്ലി ഗ്രാമ പഞ്ചായത്തിന്റെ പല പ്രദേശങ്ങളും വന്യമൃഗശല്യത്തിന്റെ ഭീഷണിയിലാണ്. വന്യമൃഗാക്രമണത്തിൽ കൃഷിനാശവും വീടും ജീവഹാനിയടക്കം സംഭവിക്കുന്നത് തുടർക്കഥയാകുമ്പോൾ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമില്ലാത്തത് ജനങ്ങളുടെ സ്വൈര ജീവിതത്തിന് വലിയ രീതിയിൽ തടസ്സം വരുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.