പെയിന്റിങ് തൊഴിലാളിയുടെ ആത്മഹത്യ: കടബാധ്യത കാരണമെന്ന് കുടുംബം
text_fieldsപുൽപള്ളി: സർക്കാർ ഉടമസ്ഥതയിലുള്ള ചിട്ടിയുടെ കെണിയിൽപ്പെട്ടാണ് ജപ്തിയിലായ കുടുംബനാഥൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങളുടെ പരാതി. പുൽപള്ളി ഗ്രാമപഞ്ചായത്തിലെ കാപ്പിസെറ്റ് പ്രഭാത്കവല വണ്ടാനത്ത് അശോകൻ (60 )ആണ് ചിട്ടി കമ്പനിയുടെ ജപ്തി നടപടികളെ തുടർന്ന് ആത്മഹത്യ ചെയ്തതായി പരാതി ഉയർന്നത്.
കഴിഞ്ഞ ജനുവരി 26 നാണ് അശോകനെ ഇരിട്ടി ഉളിക്കല്ലിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിട്ടി കമ്പനിയിൽ 16 ലക്ഷത്തോളം രൂപ ജനുവരി 30നകം അടച്ചില്ലെങ്കിൽ ഇയാളുടെ 63 സെൻറ് സ്ഥലവും വീടും ജപ്തി ചെയ്യുമെന്ന് കാണിച്ചുള്ള രജിസ്ട്രേഡ് കത്ത് ലഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇവർ എടുത്ത നാലു ലക്ഷം രൂപയാണ് പല ഇരട്ടിയായി ഉയർന്നത്.
2009ലാണ് അശോകനും ഭാര്യ ഓമനയും ചിട്ടിയിൽ ചേർന്നത്. അതുവരെ കൃഷികളും ഒന്നു രണ്ട് പശുക്കളുമായി രണ്ട് മക്കളുള്ള ഈ കുടുംബം കഴിഞ്ഞുവരുകയായിരുന്നു. അപ്പോഴാണ് പഞ്ചായത്തിൽ നിന്ന് വീടു നിർമിക്കുന്നതിനായി സഹായം ലഭിച്ചത്.
വീട് നിർമാണം പൂർത്തിയാക്കാൻ ഈ തുക തികയാത്തതിനാൽ അവർ വളർത്തിയിരുന്ന രണ്ടു പശുക്കളെയും വിറ്റ് വീട് നിർമാണം നടക്കുന്നതിനിടെയാണ് അശോകൻ ഗുരുതരമായ രോഗം ബാധിച്ച് ആശുപത്രിയിലായത്. വീട് നിർമിക്കാൻ സ്വരുക്കൂട്ടിയിരുന്ന പണവും പലിശക്ക് പണം വാങ്ങിയും ചികിത്സാ ചെലവ് വഹിച്ചെങ്കിലും വീടുപണി ഇതോടെ മുടങ്ങി.
ഇതിനിടെയാണ് ചിട്ടി കമ്പനിയുടെ ഒരാൾ ഇവരെ സമീപിച്ച് അടവ് മുടങ്ങിക്കിടക്കുന്ന ചിട്ടി ഉണ്ടെന്നും കുറഞ്ഞ തുകക്ക് അത് ഏറ്റെടുത്താൽ നാലിരട്ടി തുക വായ്പയായി നൽകാമെന്നും വാഗ്ദാനം ചെയ്തത്.
2009 മുതൽ 2011 വരെയുള്ള കാലത്ത് ഇവരെക്കൊണ്ട് ഇങ്ങനെ മുടങ്ങിക്കിടക്കുന്ന അഞ്ച് ചിട്ടികളാണ് കമ്പനി ഏറ്റെടുപ്പിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന അശോകനും ഭാര്യക്കും ചിട്ടിയുടെ ഊരാക്കുടുക്കുകൾ അറിയില്ലായിരുന്നു.
2011 ആയപ്പോഴേക്കും ഇവരുടെ എല്ലാ ചിട്ടികളും കുടിശ്ശികയായി. 630,122 രൂപയാണ് ഈ കാലയളവിൽ ഇവർക്ക് കുടിശ്ശികയായത്. കുടിശ്ശിക തീർക്കണമെന്ന് കാണിച്ച് കമ്പനി നിരന്തരം നോട്ടീസ് അയക്കാൻ തുടങ്ങിയതോടെ അശോകന്റെ ഭാര്യയുടെ മനോനില തെറ്റി. കഴിഞ്ഞ 12 വർഷങ്ങമായി ഇവർ ചികിത്സയിലാണ്.
ഉപജീവനത്തിനായി അശോകൻ പെയിന്റിങ് ജോലിക്കായി ദൂരെ ദിക്കുകളിലേക്ക് പോകുവാൻ തുടങ്ങി. ഇങ്ങനെ ലഭിക്കുന്ന പണം ഭാര്യയുടെ ചികിത്സക്ക് പോലും തികയുമായിരുന്നില്ല.
ഈ ദുരിതങ്ങൾക്കിടയിലാണ് ഇവരുടെ വീടിരിക്കുന്ന സ്ഥലം കരുതൽ മേഖലയിലായി പ്രഖ്യാപനം വന്നത്. താമസിക്കുന്ന വീടും പറമ്പും ജപ്തി ചെയ്യുമെന്ന് അറിയിച്ച് ചിട്ടി കമ്പനിയുടെ കത്തും വന്നതോടെ അശോകൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. കട ബാധ്യത എഴുതിത്തളളണമെന്നാവശ്യപ്പെട്ട് ധന മന്ത്രിക്ക് കുടുംബം പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.