മദ്യത്തിനായി കബനി കടക്കുന്നു; കർശന നടപടികളുമായി അധികൃതർ
text_fieldsപുൽപള്ളി: കബനി പുഴ കടന്ന് കർണാടകയിലേക്ക് മദ്യത്തിനായും മറ്റും ആളുകൾ പോകുന്നത് തടയാൻ ശക്തമായ നടപടികളുമായി അധികൃതർ. ഇതിൻെറ ഭാഗമായി പൊലീസ് പെരിക്കല്ലൂർ, മരക്കടവ്, കൊളവള്ളി ഭാഗങ്ങളിൽ കാവൽ ഏർപ്പെടുത്തി. അതിർത്തിപ്രദേശങ്ങളിലടക്കം പട്രോളിങ്ങും ശക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയിലധികമായി പെരിക്കല്ലൂർ തോണിക്കടവും മരക്കടവ് തോണിക്കടവും അടച്ചിരിക്കുകയാണ്. ഈ ഭാഗങ്ങളിലൂടെ ആളുകൾ ഇരുകരകളിലേക്കും വരുന്നുണ്ടോ എന്നറിയാൻ ശക്തമായ പരിശോധനയാണ് നടത്തുന്നത്.
രാവിലെ എട്ടു മുതൽ 10 വരെ കർണാടകയിൽ മദ്യശാലകൾ തുറക്കാൻ അനുമതിയുണ്ട്. കബനി പുഴക്കരെ മൂന്ന് മദ്യശാലകളാണ് ഉള്ളത്. ഇവിടങ്ങളിൽ മദ്യപിക്കാനും മറ്റും പുലർകാലത്തു തന്നെ ആളുകൾ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് തടയിടുന്നതിൻെറ ഭാഗമായാണ് അധികൃതർ നടപടി ശക്തമാക്കിയത്.
അതിർത്തി പ്രദേശങ്ങളിലെ നിരവധി കോളനികളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. ആദിവാസി കോളനികളിലടക്കം നിരവധി രോഗികളാണ് ഉള്ളത്. ഇവരുടെ സമ്പർക്കംമൂലം അനുദിനം രോഗികളുടെ എണ്ണം കൂടി വരുകയാണ്.
കബനി കടക്കുന്നവർക്കെതിരെ കർശന നടപടി –ജില്ല കലക്ടർ
പുൽപള്ളി: കബനി നദി കടന്ന് കർണാടകയിലേക്കും കേരളത്തിലേക്കും അനധികൃതമായി വരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല.
ആദിവാസി കോളനികളിൽ ഉൾപ്പെടെ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുകയാണ്. ഈ സാഹചര്യത്തിൽ പുഴ കടന്നുവരുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി അധികൃതർക്ക് നിർദേശം നൽകിയതായും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.