കുരുമുളക് ചെടികൾക്ക് രോഗം; കർഷകർ ആധിയിൽ
text_fieldsപുൽപള്ളി: കുരുമുളക് വിളവെടുപ്പിന് രണ്ടു മാസം മാത്രം ബാക്കി നിൽക്കെ രോഗം പടർന്നുപിടിക്കുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. കറുത്ത പൊന്നിന്റെ നാട് എന്നറിയപ്പെടുന്ന പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മാത്രം കഴിഞ്ഞ പത്ത് വർഷത്തിനിടെ നശിച്ചത് നൂറുകണക്കിന് ഹെക്ടർ സ്ഥലത്തെ കൃഷിയാണ്.
ഇലകൾ പഴുത്തുണങ്ങി തണ്ട് കരിഞ്ഞ് കുരുമുളക് മൂപ്പെത്താതെ പൊള്ളായി കൊഴിഞ്ഞുവീഴുകയാണിപ്പോൾ. ജില്ലയിൽ ഏറ്റവുമധികം കുരുമുളക് കൃഷിയുള്ള മേഖലയാണ് പുൽപള്ളി. രോഗകീടബാധകൾ മൂലം ഉൽപാദനം ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജില്ലയിലും കുരുമുളക് കൃഷിയുടെ അളവ് കുറഞ്ഞു.
1990ൽ 30,660 ഹെക്ടർ സ്ഥലത്ത് ജില്ലയിൽ കൃഷിയുണ്ടായിരുന്നു. 2005ൽ ഇത് 14,000 ടൺ ആയി കുറഞ്ഞു. 2020ൽ ഇത് 1200 ടണ്ണിൽ താഴെയായി മാറി. രോഗബാധ വർധിച്ചതോടെ ഇത്തവണയും ഉൽപാദനം കുത്തനെ ഇടിയും. കുറഞ്ഞ ഉൽപാദന ക്ഷമത, നടീൽ വസ്തുക്കളുടെ ലഭ്യതക്കുറവ്, സംസ്കരണ സംവിധാനങ്ങളുടെ പരിമിതി, സാങ്കേതിക ജ്ഞാനക്കുറവ് തുടങ്ങിയവയാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ. കാലാവസ്ഥ വ്യതിയാനവും കൃഷിയെ ദോഷകരമായി ബാധിച്ചു.
മഴ മാറി വെയിൽ തുടങ്ങിയതോടെയാണ് രോഗബാധ കാര്യമായി കണ്ടുതുടങ്ങിയത്. ദ്രുതവാട്ട രോഗം ബാധിച്ച് കൃഷി വ്യാപകമായി നശിച്ചു. ഇതിനുപുറമെ ഇലപുള്ളി രോഗവും കൃഷിയെ ബാധിച്ചു. വിവിധ ഇനങ്ങളിലുള്ള കുരുമുളക് കൃഷികൾ കർഷകർ മാറിമാറി ചെയ്തുനോക്കിയെങ്കിലും രോഗബാധകൾ കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണ്. മിക്ക തോട്ടങ്ങളിലും മഞ്ഞളിപ്പ് രോഗവും പടർന്നുപിടിച്ചിട്ടുണ്ട്. രോഗം തടയുന്നതിന് ഫലപ്രദമായ മാർഗങ്ങൾ പകർന്നുനൽകാൻ കൃഷി വകുപ്പിനും കഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.