യാഥാർഥ്യമാവാതെ പെരിക്കല്ലൂർ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്റർ
text_fieldsപുൽപള്ളി: പെരിക്കല്ലൂരിൽ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്റർ ഇനിയും യാഥാർഥ്യമായില്ല. കുടിയേറ്റ ജനതയുടെ പ്രതീക്ഷയായ പദ്ധതി ഒച്ചിഴയുന്ന വേഗത്തിലാണ് പോകുന്നത്. അഞ്ചു വർഷം മുമ്പ് തുടക്കം കുറിച്ച പദ്ധതി പൂർത്തിയാക്കാത്തതിൽ പ്രതിക്ഷേധം ശകതമാണ്. പഞ്ചയാത്തിനും കെ.എസ്.ആർ.ടി.സിക്കുമെല്ലാം നേരത്തെയുള്ള താൽപര്യം ഇപ്പോഴില്ല എന്നാണ് നാട്ടുകാരുടെ പരാതി.
കേരള-കർണാടക അതിർത്തി ഗ്രാമമാണ് പെരിക്കല്ലൂർ. 2015ലാണ് ഡിപ്പോ തുടങ്ങുന്നതിനുള്ള സ്ഥലം ഏറ്റെടുക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. 2016ൽ സെന്റർ തുടങ്ങുന്നതിനായി ഇവിടുത്തെ സെന്റ് തോമസ് ദേവാലയം പഞ്ചായത്തിന് സ്ഥലം സൗജന്യമായി നൽകി.
തുടർന്ന് പഞ്ചായത്ത് ഒരേക്കർ ഭൂമികൂടി 44 ലക്ഷം രൂപക്ക് വിലക്കെടുത്തു. പിന്നീട് ഓപറേറ്റിങ് സെന്റർ തുടങ്ങാൻ നടപടികൾ തുടങ്ങി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ ഫണ്ട് ഉപയോഗപ്പെടുത്തി ബസ് നിർത്തിയിടുന്നതിനുള്ള യാർഡ് നിർമിച്ചു.
50 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. പിന്നീട് ബസ് ജീവനക്കാർക്ക് താമസിക്കുന്നതിനായി കെട്ടിടവും ശൗചാലവുമടക്കം നിർമിച്ചു.എന്നാൽ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കിയാൽ മാത്രമേ ഡിപ്പോ ഏറ്റെടുക്കുകയുള്ളൂവെന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് സർവിസുണ്ട്.
ചുറ്റുമതിൽ, യാത്രക്കാർക്കുള്ള വിശ്രമസ്ഥലം, ഓഫിസ് എന്നിവക്കായി നാലരക്കോടിയുടെ പദ്ധതി മുള്ളൻകൊല്ലി പഞ്ചായത്ത് സർക്കാറിന് സമർപ്പിച്ചു. എന്നാൽ തുടർനടപടികൾ സംബന്ധിച്ച് ഒരു വിവരവും ലഭിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.