നിർമാണം പൂർത്തിയാവാതെ പെരിക്കല്ലൂർ ബസ്സ്റ്റാൻഡ്
text_fieldsപുൽപ്പള്ളി: പെരിക്കല്ലൂർ ബസ്സ്റ്റാൻറ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യമുയരുന്നു. നിർമാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും സ്റ്റാൻഡ് യാഥാർഥ്യമാകാത്തതിനാൽ കെ.എസ്.ആർ.ടി.സി ബസുകളും മറ്റും ഇവിടെ നിർത്തിയിടാൻ പറ്റാത്ത അവസ്ഥയാണ്.
പെരിക്കല്ലൂർ സെൻറ് തോമസ് ദേവാലയം അധികൃതർ ഒരേക്കർ സ്ഥലം സ്റ്റാൻഡിനായി സൗജന്യമായി നൽകിയതോടെയാണ് പദ്ധതിക്ക് ജീവൻവെച്ചത്. പിന്നീട് പഞ്ചായത്തും ഒരേക്കർ സ്ഥലം വിലകൊടുത്ത് വാങ്ങി. ഭൂമി ലഭ്യമാക്കിയെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് വൈകിയാണ്.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ബസുകൾ നിർത്തിയിടാൻ കോൺക്രീറ്റ് നിലം ഒരുക്കിയത്. ഈയടുത്ത് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഒരുക്കി. ഇനിയും ഒട്ടേറെ കാര്യങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ബസ്സ്റ്റാൻഡിെൻറ ഗുണം ലഭിക്കുകയുള്ളൂ എന്ന് പഞ്ചായത്തംഗം ജോസ് നെല്ലേടം വ്യക്തമാക്കി.
വൈദ്യുതി സൗകര്യവും ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കണം. കെ.എസ്.ആർ.ടി.സി ബസ് ഓപറേറ്റിങ് കേന്ദ്രമെന്ന നിലയിലായിരുന്നു പദ്ധതി തുടങ്ങിയത്. എന്നാൽ, എല്ലാ സംവിധാനങ്ങളും ഒരുക്കിക്കൊടുത്താൽ മാത്രമേ ഡിപ്പോ ആരംഭിക്കാൻ കഴിയുകയുള്ളൂ എന്ന നിലപാടിലായിരുന്നു കെ.എസ്.ആർ.ടി.സി അധികൃതർ. തുടർന്ന് പഞ്ചായത്ത് ബസ്സ്റ്റാൻഡാക്കാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.