കർണാടകയിൽ വില കൂപ്പുകുത്തി; ഇഞ്ചി കര്‍ഷകര്‍ ദുരിതക്കയത്തിൽ
text_fieldsപുല്പള്ളി: വൻ വിലത്തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ മലയാളി ഇഞ്ചി കര്‍ഷര്‍ ആത്മഹത്യാമുനമ്പിലേക്കാണ് നീങ്ങുന്നതെന്ന് നാഷനല്‍ ഫാര്‍മേഴ്സ് പൊഡ്യൂസേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികള്‍. കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. രാഹുല്‍ഗാന്ധി എം.പിക്കും, വയനാട്ടിലെ മൂന്ന് എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കാനൊരുങ്ങുകയാണ് കര്‍ണാടകയിലെ ഈ മലയാളി ഇഞ്ചികര്ഷക കൂട്ടായ്മ.
വയനാട്ടില്‍ നിന്ന് മാത്രം ഏകദേശം 3500ഓളം കര്‍ഷകരാണ് കര്‍ണാടകയില്‍ ഇഞ്ചികൃഷി ചെയ്തുവരുന്നത്. മൂന്നു വര്‍ഷമായി പ്രതിസന്ധി രൂക്ഷമാണ്. പഴയ ഇഞ്ചിയുടെ വില നിലവില്‍ 1700 രൂപ മാത്രമാണ്. പുതിയ ഇഞ്ചിയുടെ വില 400 രൂപയും. കര്‍ണാടകക്കാരായ പ്രാദേശിക കര്‍ഷകര്‍ പുതിയ ഇഞ്ചി വിപണിയിലെത്തിക്കാന്‍ തുടങ്ങിയതോടെ പഴയ ഇഞ്ചി വില ഇനിയും താഴോട്ടു പോകാനാണ് സാധ്യതയെന്നും ഭാരവാഹികള്‍ പറഞ്ഞു. നിരവധി മലയാളി കര്‍ഷകരാണ് വിലയിടിവ് മൂലം ഇപ്പോഴും ഇഞ്ചി പറിക്കാതെയിട്ടിരിക്കുന്നത്. ഒരു വര്‍ഷത്തിലധികമായി പറിക്കാതെയിട്ടിരിക്കുന്ന ഇഞ്ചി ഇനി വിളവെടുത്താല്‍ പോലും നേരത്തെ കിട്ടുന്നതിെൻറ പകുതി മാത്രമെ ലഭിക്കൂ. തൂക്കം കുറയുകയും ചെയ്യും.
ഇളയിഞ്ചിക്ക് കിട്ടുന്ന വില കൊണ്ടാണ് ഇതു മറികടന്നുപോന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇളയിഞ്ചി ആരും എടുക്കാത്ത സാഹചര്യമാണുള്ളതെന്നും നാഷനല്‍ ഫാര്‍മേഴ്സ് പൊഡ്യൂസേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികളും പുല്പള്ളി സ്വദേശികളുമായ അജയകുമാര്‍, തോമസ് മിറര്‍, കെ.പി. ജോസ്, ബാബു ചേകാടി, കെ.ജെ. ഷാജി എന്നിവര്‍ പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രധാനമായും ഇഞ്ചിവില കൂപ്പുകുത്താനുള്ള പ്രധാന കാരണം. ഉപഭോഗം ഗണ്യമായി കുറയുകയും ഉൽപാദനം വര്‍ധിച്ചതുമാണ് തിരിച്ചടിയായത്. കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടായി. ഛത്തിസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ ഇഞ്ചികൃഷി വ്യാപിച്ചതും തിരിച്ചടിയായി.കര്‍ണാടകയിലെ മൈസൂര്‍, നഞ്ചന്‍കോട്, ഹാസന്, ഷിമോഗ, കുടക്, ചാമരാജ് നഗര്‍, ഹുബ്ലി തുടങ്ങിയ പ്രദേശങ്ങളിലാണ് വയനാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ കൃഷി ചെയ്തുവരുന്നത്.
ഒരു ഏക്കറില്‍ കൃഷി ചെയ്യാന്‍ ആറു ലക്ഷത്തോളം രൂപയാണ് കര്‍ണാടകയില്‍ െചലവു വരുന്നത്. ഏറ്റവും കുറഞ്ഞത് ഒരു കര്‍ഷകര്‍ മൂേന്നക്കര്‍ സ്ഥലത്തെങ്കിലും കൃഷി നടത്തിവരുന്നുണ്ട്. ഒരേക്കറില്‍ നിന്നും ഏറ്റവും കുറഞ്ഞത് 300 ചാക്ക് ഇഞ്ചിയെങ്കിലും ലഭിക്കുകയും വില 60 കിലോ വരുന്ന ചാക്കിന് 2000 രൂപയെങ്കിലും ഉണ്ടെങ്കിലും മാത്രമെ കര്ഷകന് പിടിച്ചുനില്‍ക്കാനാവൂ. വളം, കീടനാശിനി, പൈപ്പ് അടക്കമുള്ള കര്‍ഷകര്‍ക്ക് ആവശ്യമുള്ള വസ്തുക്കളുടെ വിലയും ക്രമാധീതമായി വര്‍ധിച്ചതും തിരിച്ചടിയാണ്. കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനായാണ് നാഷനല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്ഗനൈസേഷന് രൂപം നല്‍കിയത്. ഫിലിപ് ജോര്‍ജ് ചെയര്‍മാനും, റസാഖ് ചക്കര കണ്‍വീനറുമായുള്ള സംഘടനയില്‍ 871 അംഗങ്ങളാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.