പുൽപള്ളിയിൽ സ്വകാര്യ ബസ് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്
text_fieldsപുൽപള്ളി: മേഖലയിലെ സ്വകാര്യബസ് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. സെപ്റ്റംബർ 30 വെള്ളിയാഴ്ച മുതലാണ് അനിശ്ചിതകാല പണിമുടക്ക് സമരം തൊഴിലാളികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പണിമുടക്ക് പ്രദേശത്തെ യാത്രാക്ലേശം രൂക്ഷമാക്കും. ജില്ലയിലെ ബസുടമ സംഘടനകളുടെ പ്രതിനിധികളും വിവിധ ട്രേഡ് യൂനിയൻ പ്രതിനിധികളും ചർച്ച ചെയ്യപ്പെട്ട കരാർ പ്രകാരം സെപ്റ്റംബർ ഒന്ന് മുതൽ ജില്ലയിൽ നടപ്പാക്കിയ സേവന വേതന കരാർ പുൽപള്ളി മേഖലയിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് മേഖലയിലെ സംയുക്ത തൊഴിലാളി യൂനിയൻ കോഡിനേഷൻ കമ്മിറ്റി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിൽ അവസാനമായി സേവനവേതന വ്യവസ്ഥകൾ പരിഷ്കരിച്ചത് 2017ലാണ്. പ്രളയം, കോവിഡ് തുടങ്ങിയ കാരണങ്ങളാൽ ശമ്പള വർധനവ് ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, ഇതിനിടെ ബസ് ചാർജ് അടക്കം വർധിപ്പിച്ചിട്ടും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കാൻ മേഖലയിലെ ബസുടമകൾ തയാറായില്ല.
ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് തൊഴിലാളി സംഘടനനേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ സതീഷ് കുമാർ, പി.ആർ. മഹേഷ്, എൻ.ഡി. സന്തോഷ്, എം.ജെ. സജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.