പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്; മുഖ്യപ്രതിയുടെ വെളിപ്പെടുത്തലിൽ കോൺഗ്രസ് –സി.പി.എം പോര്
text_fieldsപുല്പള്ളി: സര്‍വിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുകേസില്‍ അറസ്റ്റിലായ കൊല്ലപ്പള്ളി സജീവന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മിൽ പോര് രൂക്ഷം. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം കെ.എല്‍. പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കോണ്‍ഗ്രസ് നേതാവ് ടി.എസ്. ദിലീപ്കുമാര്, പഞ്ചായത്ത് ഭരണസമിതിയംഗം മണി പാമ്പനാല്‍ എന്നിവര്‍ തന്റെ പക്കല്‍നിന്നു വന്‍തുക കൈപ്പറ്റിയെന്നാണ് അറസ്റ്റിലായ സജീവൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇതിനെതിരെ മൂന്ന് പേരും കഴിഞ്ഞ ദിവസം രംഗത്തുവന്നു. ആരോപണത്തിന് പിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ഇവരുടെ മറുപടി.
എന്നാൽ സജീവന്റെ വെളിപ്പടുത്തലിലൂടെ വെട്ടിലായ കോണ്‍ഗ്രസ് നേതൃത്വം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെ ശക്തമായി പ്രതിരോധിക്കുമെന്ന് പറഞ്ഞ് സി.പി.എം നേതാക്കളും രംഗത്തുവന്നു.
ആരോപണം ഗൂഢാലോചനയുടെ ഭാഗം -കോൺഗ്രസ്
പുൽപള്ളി: പുൽപള്ളി സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിലെ മുഖ്യപ്രതി സജീവൻ കൊല്ലപ്പള്ളി തങ്ങൾക്കെതിരേ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പച്ചക്കള്ളവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് കോൺഗ്രസ് ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, കെ.എൽ. പൗലോസ്, ഗ്രാമപഞ്ചായത്ത് അംഗം മണി പാമ്പനാൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സജീവൻ അടക്കമുള്ള ബാങ്ക് തട്ടിപ്പുകാർക്ക് കഴിഞ്ഞ കാലങ്ങളിൽ കുട പിടിച്ചുകൊടുത്ത സി.പി.എം കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ഇപ്പോൾ സജീവനെ ഉപയോഗിക്കുകയാണ്. സജീവന്റെ ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നു അവർ പറഞ്ഞു. ഇത; സംബന്ധിച്ച വിശദമായ അന്വേഷണം നടത്തി സത്യം വെളിച്ചത്തു കൊണ്ടുവരുവാൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും മാനനഷ്ടത്തിന് കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി വക്കീൽ നോട്ടീസ് അയക്കുകയും ചെയ്യും.
സജീവനെ സേവാദൾ ജില്ല ഭാരവാഹി ആക്കിയതിനെതിരെ ജില്ല, സംസ്ഥാന നേതൃത്വത്തിന് കെ.എൽ. പൗലോസ് പരാതി കൊടുത്ത് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. കൂടാതെ പൗലോസിനൊപ്പം ഉള്ളവരാണ് ബാങ്ക് തട്ടിപ്പ് പുറത്തുവരാൻ കാരണക്കാരായതെന്ന വൈരാഗ്യവുമാണ് അദ്ദേഹത്തിനെതിരേ ആരോപണമുന്നയിക്കാൻ കാരണമെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.