പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്; കോൺഗ്രസ് നേതൃത്വം അഴിമതിയെ ന്യായീകരിക്കുന്നു -സി.പി.എം
text_fieldsപുൽപള്ളി: സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ അറസ്റ്റിലായ സജീവൻ കൊല്ലപ്പള്ളിയുടെ വെളിപ്പെടുത്തലിലൂടെ വെട്ടിലായ കോൺഗ്രസ് നേതൃത്വം സി.പി.എമ്മിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനെ ശക്തമായി പ്രതിരോധിക്കുമെന്ന് സി.പി.എം ഏരിയ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ബാങ്കില്‍ സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ വായ്പ വിതരണത്തില്‍ 8.64 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.
2014ല്‍ ബാങ്ക് അംഗങ്ങളുടെ ഒപ്പ് വ്യാജമായി ഉപയോഗിച്ചു പൊതുയോഗ മിനുട്സ് ഉണ്ടാക്കി വ്യക്തിഗത വായ്പപരിധി 25 ലക്ഷമായി ഉയര്‍ത്തിയാണ് തട്ടിപ്പിനു കളമൊരുക്കിയത്. അക്കാലത്ത് കെ.എല്‍. പൗലോസ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഡി.സി.സി പ്രസിഡന്റുമായിരുന്നു. ടി.എസ്. ദിലീപ്കുമാര് ബാങ്ക് ഭരണസമിതി അംഗവും പാര്‍ട്ടി മണ്ഡലം പ്രസിഡന്റുമായിരുന്നു. അഴിമതിക്ക് കളം ഒരുക്കാനാണ് ബൈലോ ഭേദഗതി കൊണ്ടുവന്നത്.
2006-11 കാലത്ത് കാർഷിക സബ്സിഡിക്കായി സർക്കാർ അനുവദിച്ച തുകയിൽ വൻ ക്രമക്കേടായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് തുക തിരിച്ച് പിടിക്കാൻ ഉത്തരവായി. അന്നത്തെ ബാങ്ക് പ്രസിഡന്റ് കെ.എൽ. പൗലോസ് രണ്ടു കോടി രൂപ ബാങ്ക് അക്കൗണ്ടിൽ നിന്നുമാണ് തിരിച്ചടച്ചത്.
സർക്കാർ കൊടുത്ത പണം എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ബാങ്ക് പ്രവർത്തന പരിധിക്ക് പുറത്തുള്ള അരയേക്കർ വയൽ കരസ്ഥലമാണെന്ന് വ്യാജരേഖ ഉണ്ടാക്കിയാണ് ദിലീപ് വായ്പ സംഘടിപ്പിച്ചത്.
സഹകരണ ഓഡിറ്റ് വിഭാഗം തട്ടിപ്പ് കണ്ടെത്തുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുമെന്ന ഭയത്തിലാണ് ദിലീപ് തുക തിരിച്ചടച്ച് തടിയൂരിയത്. ഈ പണം നൽകിയത് സജീവൻ ആണെന്നാണ് ഇയാൾ വെളിപ്പെടുത്തിയിട്ടുള്ളത്. പുൽപള്ളി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആയിരിക്കെ ആദിവാസികൾക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തതിൽ ക്രമക്കേട് നടത്തി വിജിലൻസ് കേസിൽ തലശ്ശേരി വിജിലൻസ് കോടതിയിൽ വിചാരണ നേരിടുന്ന ആളാണ് ദിലീപെന്നും നേതാക്കൾ പറഞ്ഞു.
സി.പി.എം ഏരിയ സെക്രട്ടറി എം.എസ്. സുരേഷ് ബാബു, രുഗ്മിണി സുബ്രഹ്മണ്യൻ, സജി മാത്യു, പ്രകാശ് ഗഗാറിൻ, ടി.കെ. ശിവൻ ,സി.ഡി. അജീഷ്, വി.ജെ. ബേബി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.