പുൽപള്ളി ബാങ്ക് തെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് പരാജയം ചർച്ചയാകുന്നു
text_fieldsപുൽപള്ളി: പുൽപള്ളി സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫ് പാനലിന്‍റെ പരാജയം ചർച്ചയാകുന്നു. 2018 ൽ ബാങ്കിൽ വായ്പ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നാണ് സഹകരണ വകുപ്പ് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്കായിരുന്നു ഭരണ ചുമതല.
പിരിച്ചുവിട്ട ബാങ്കിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഏറെനാളത്തെ ആവശ്യമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ഏറെ വൈകിയാണ് നടത്തിയത്. എൽ.ഡി.എഫിന് അനുകൂല തരംഗം ഉണ്ടാകുമെന്ന പ്രതീക്ഷയും പാർട്ടി നേതാക്കൾക്കടക്കം ഉണ്ടായിരുന്നു.
എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒരു സീറ്റുപോലും നേടാൻ എൽ.ഡി.എഫിനുകഴിഞ്ഞില്ല. യു.ഡി.എഫ് 11 സീറ്റുകളിലും വിജയിച്ചു. പാനൽ വോട്ടുകൾ ഇത്തവണ ചിതറുകയും ചെയ്തു. നല്ലൊരു വിഭാഗം വോട്ടർമാരും വോട്ടുചെയ്യാൻ എത്തിയുമില്ല. 6500ത്തോളം വോട്ടർമാരുള്ള ബാങ്കിൽ 2555 പേർ മാത്രമാണ് വോട്ടുചെയ്യാൻ എത്തിയത്.
എൽ.ഡി.എഫും യു.ഡി.എഫും ജനകീയ മുന്നണിയും തമ്മിലായിരുന്നു മത്സരം. ഇതിൽ ജനകീയ മുന്നണിക്ക് ലഭിച്ച വോട്ടുകളിൽ നല്ലൊരു പങ്കും എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകരുടേതായിരുന്നു.
നാമനിർദേശ പത്രിക സമർപ്പണം മുതൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് യു.ഡി.എഫ് സ്ഥാനാർഥി പട്ടികയെച്ചൊല്ലി മുറുമുറുപ്പുമുണ്ടായിരുന്നു. മുൻ ബാങ്ക് പ്രസിഡന്‍റ് കെ.എൽ. പൗലോസടക്കം പത്രിക സമർപ്പിക്കുകയും അവസാന നിമിഷം പിൻവലിക്കുകയുമായിരുന്നു.
മുൻ ബാങ്ക് പ്രസിഡന്‍റ് കെ.കെ. അബ്രഹാം അടക്കമുള്ളവരായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പല പൊതുയോഗ വേദികളിലും ചില പ്രാദേശിക നേതാക്കളടക്കം വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഇതും കോൺഗ്രസിനുള്ളിൽ ചർച്ചയായിരുന്നു. ബാങ്കിൽ ആരെ പ്രസിഡന്‍റാക്കണമെന്നതിനെചൊല്ലിയും ചർച്ചകൾ സജീവമാണ്.
കോൺഗ്രസിലെ ഇരു ഗ്രൂപ്പുകളിൽ നിന്നുള്ളവരും അവകാശ വാദവുമായി രംഗത്തുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഡി.സി.സി നേതൃത്വം എടുക്കട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം. രണ്ടര വർഷം വീതം രണ്ട് ഗ്രൂപ്പുകളിൽ നിന്നുള്ളവരെയും പ്രസിഡന്‍റാക്കാനുള്ള ചർച്ചകളും അണിയറയിൽ സജീവമാണ്.
പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു
പുല്‍പള്ളി: പുല്‍പള്ളി സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുകയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത കെ.എല്‍. ജോണിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഡി.സി.സി അധ്യക്ഷൻ എന്‍.ഡി. അപ്പച്ചന്‍ അറിയിച്ചു.
ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഇതുപോലെ വിജയത്തിലെത്തിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച പ്രവര്‍ത്തകര്‍ക്കും വോട്ടുകൾ നല്‍കിയ കര്‍ഷകരടക്കമുള്ള ജനവിഭാഗങ്ങള്‍ക്കും നന്ദി പറയുന്നതായും എന്‍.ഡി. അപ്പച്ചന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.