അസൗകര്യങ്ങൾക്കു നടുവിൽ പുൽപള്ളി ബസ് സ്റ്റാൻഡ്
text_fieldsപുൽപള്ളി: ഇടുങ്ങിയ സ്റ്റാൻഡിൽ ഉൾക്കൊള്ളാൻ കഴിയാത്ത അത്രയും ബസുകളാണ് പുൽപള്ളി ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്നത്. ബസ് സ്റ്റാൻഡ് നവീകരണത്തിന് നടപടി സ്വീകരിക്കാത്തതിനാൽ ബസ് ജീവനക്കാരും യാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്.
മൂന്ന് പതിറ്റാണ്ട് മുമ്പ് നിർമിച്ച സ്റ്റാൻഡിൽ ഇക്കാലയളവിൽ യാതൊരു പുനർ നിർമാണ പ്രവൃത്തികളും നടത്തിയിട്ടില്ല. അനധികൃത പാർക്കിങ്ങും അസൗകര്യങ്ങളും മൂലം സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ ദുരിതം പേറുകയാണ്. 30 വർഷം മുമ്പ് 10 ബസുകൾ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇന്നത് 70ൽ കൂടുതലായി.
നിരവധി ദീർഘദൂര ബസ് സർവിസുകൾ കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്. പതിനഞ്ചോളം ബസുകൾ നിർത്തിയിടാനുള്ള സൗകര്യം മാത്രമേ ഇവിടെയുള്ളൂ. ഉൾനാടൻ പ്രദേശങ്ങളിലേക്കടക്കം സർവിസുകൾ ആരംഭിച്ചതോടെ ബസുകൾ നിർത്തിയിടാൻ പാടുപെടുകയാണ്. ബസ് സ്റ്റാൻഡിനോട് ചേർന്ന ഷോപ്പിങ് കോംപ്ലക്സിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇവിടെയാണ് ആളുകൾ ബസ് കാത്തുനിൽക്കുന്നത്. വൈകുന്നേരങ്ങളിൽ സ്കൂളുകളും കോളജുകളും വിടുമ്പോൾ വിദ്യാർഥികളടക്കം ബസുകൾക്ക് മുന്നിലൂടെ തലങ്ങും വിലങ്ങും നടക്കുന്നത് കാഴ്ചയാണ്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.
മൂത്രപ്പുരയും ശൗചാലയവും ഉണ്ടെങ്കിലും പരിമിത സൗകര്യങ്ങളേയുള്ളൂ. അതിനാൽ സ്ത്രീകളും വയോജനങ്ങളും ഏറെ പ്രയാസപ്പെടുന്നു. പുതിയ ബസ് സ്റ്റാൻഡ് എന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ഇതിനുള്ള നടപടിക്രമങ്ങൾ പഞ്ചായത്ത് വേഗത്തിൽ കൈക്കൊള്ളണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.