പുൽപള്ളിയിലെ മത്സ്യ-മാംസ മാർക്കറ്റ്: വിവാദം മുറുകുന്നു
text_fieldsപുൽപള്ളി: ടൗണിലെ മത്സ്യ-മാംസ മാർക്കറ്റുമായി ബന്ധപ്പെട്ട് വിവാദം മുറുകുന്നു. 20 വർഷത്തിലേറെയായി പുൽപള്ളി താഴെ അങ്ങാടിയിൽ പ്രവർത്തിക്കുന്ന മത്സ്യ-മാംസ മാർക്കറ്റിന് സമീപം മറ്റൊരു മാർക്കറ്റുകൂടി തുറന്നതോടെയാണ് ആരോപണ-പ്രത്യാരോപണങ്ങൾ ശക്തമായത്.
വർഷങ്ങൾക്കുമുമ്പ് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ മറ്റു മത്സ്യവിൽപന സ്ഥാപനങ്ങൾ അനുവദിക്കില്ലെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നു. ഇതു ലംഘിക്കപ്പെട്ടുവെന്നാണ് ഇവിടത്തെ വ്യാപാരികളുടെ പരാതി. അതേസമയം, കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് പുതിയ മാർക്കറ്റ് തുറക്കാൻ അനുമതി നൽകിയതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആളുകൾ മത്സ്യവിൽപന സ്റ്റാളുകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. ടൗണിെൻറ പലയിടങ്ങളിലായി ഇത്തരത്തിൽ മത്സ്യവിൽപന സ്റ്റാളുകൾ വരുന്നത് തടയണമെന്നാണ് സി.പി.എം ആവശ്യം. എന്നാൽ, കോടതി ഉത്തരവ് പാലിക്കുക മാത്രമാണ് പഞ്ചായത്ത് ചെയ്തതെന്നാണ് പഞ്ചായത്ത് അധികൃതരും പറയുന്നത്.
സി.പി.എം തെറ്റായ പ്രചാരണം നടത്തുന്നു -പഞ്ചായത്ത് പ്രസിഡൻറ്
പുൽപള്ളി: മത്സ്യ-മാംസ മാർക്കറ്റുമായി ബന്ധപ്പെട്ട് സി.പി.എം തെറ്റായ പ്രചാരണം നടത്തുകയാണെന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ്കുമാർ പറഞ്ഞു.കോടതി ഉത്തരവ് അടിസ്ഥാനത്തിലാണ് പുതിയ മത്സ്യവിൽപന ശാലക്ക് അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത മത്സ്യവിൽപന: സി.പി.എം ധർണ നടത്തി
പുൽപള്ളി: ടൗണിലും പരിസര പ്രദേശങ്ങളിലും നടത്തുന്ന അനധികൃത മത്സ്യവിൽപന പഞ്ചായത്ത് അധികൃതർ തടയണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പുൽപള്ളി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനുമുന്നിൽ ധർണ നടത്തി. അനധികൃത മത്സ്യവിൽപന നടത്തുന്നതിലൂടെ പഞ്ചായത്ത് ഭരണസമിതി നേതൃത്വം വൻഅഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ട് നിൽക്കുെന്നന്ന് ആരോപിച്ചായിരുന്നു ധർണ. ജില്ല കമ്മിറ അംഗം പി.എസ്. ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം സജി മാത്യു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.എസ്. സുരേഷ് ബാബു, അനിൽ സി. കുമാർ എന്നിവർ സംസാരിച്ചു.
'മാർക്കറ്റ് ഉണ്ടെന്ന വിവിരം കോടതിയെ അറിയിച്ചില്ല'
പുൽപള്ളി: മത്സ്യ-മാംസ മാർക്കറ്റുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് അധികൃതർ കോടതിയെ സമീപിക്കാത്തതാണ് പുതിയ വിൽപന സ്റ്റാളുകൾ തുറക്കാൻ കാരണമായതെന്ന് പ്രതിപക്ഷ അംഗം അനിൽ സി. കുമാർ പറഞ്ഞു. പഞ്ചായത്ത് അധീനതയിൽ മാർക്കറ്റ് ഉണ്ടെന്ന വിവിരം കോടതിയെ അറിയിച്ചില്ല. നിലവിലെ സാഹചര്യത്തിൽ കൂടുതൽ മാർക്കറ്റുകൾ വരാനേ ഇത് ഇടയാക്കൂ എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.