ജനേററ്ററില്ല: വൈദ്യുതി നിലച്ചാൽ പുൽപള്ളി പുതിയ ഗവ. ആശുപത്രി ഇരുട്ടിൽ
text_fieldsപുൽപള്ളി: വൈദ്യുതി നിലച്ചാൽ പുൽപള്ളിയിലെ പുതിയ ഗവ. ആശുപത്രി ഇരുട്ടിൽ. വേണ്ട സൗകര്യങ്ങളൊരുക്കാതെയുള്ള ആശുപത്രി മാറ്റം തിടുക്കത്തിലായെന്നാണ് പരാതി. 117ലെ പുതിയ കെട്ടിടത്തിലേക്കാണ് കഴിഞ്ഞ ദിവസം മുതൽ പുൽപള്ളി ഗവ. ആശുപത്രിയുടെ പ്രവർത്തനം മാറ്റിയത്.
അന്നുതന്നെ രാത്രി വൈദ്യുതി നിലച്ചപ്പോൾ ടൗണിൽ നിന്ന് മാറി ഒറ്റപ്പെട്ടു കിടക്കുന്ന വലിയ കെട്ടിടത്തിൽ വനിത ജീവനക്കാർ ഭയത്തോടെ മെഴുകുതിരി വെട്ടത്തിലാണ് ഏറെ നേരം കഴിഞ്ഞത്. സെക്യൂരിറ്റി ജീവനക്കാരും ഇവിടെയില്ല. ആശുപത്രി കെട്ടിടത്തിൽ വലിയ ജനറേറ്റർ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ജനറേറ്റർ നന്നാക്കാനും നടപടിയായില്ല. ലിഫ്റ്റ് സൗകര്യം പുതിയ കെട്ടിടത്തിലുണ്ടെങ്കിലും വൈദ്യുതി നിലച്ചാൽ ലിഫ്റ്റിൽ കുടുങ്ങും. ജനറേറ്റർ സൗകര്യമില്ലാത്തത് കാരണം നിരവധി പ്രശ്നങ്ങളാണ് പുതിയ കെട്ടിടത്തിലുള്ളത്.
ഒരാഴ്ച മുമ്പ് ഓഫിസ് മാറ്റം മാത്രമാണ് ആദ്യഘട്ടത്തിലെന്നാണ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, രണ്ടു ദിവസം മുമ്പ് മൊത്തം പ്രവർത്തനവും പുതിയ സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തിടുക്കത്തിലുള്ള ആശുപത്രി മാറ്റം ജീവനക്കാരെയും രോഗികളെയും ബാധിച്ചു. പ്രായമായവരടക്കമുള്ള നിരവധി രോഗികളാണ് പഴയ ആശുപത്രിയിൽ എത്തി മടങ്ങുന്നത്. പുതിയ കെട്ടിടത്തിൽ ഡ്രസിങ് റൂം ഇടുങ്ങിയതാണ്. നിന്ന് തിരിയാനിടമില്ല. മുറിയിലേക്ക് ട്രോളിയും മറ്റും കയറ്റാനും പറ്റില്ല. അവശരായ രോഗികൾ എത്തിയാൽ ഇവിടേക്ക് എങ്ങനെ കയറ്റുമെന്നാണ് ജീവനക്കാരടക്കം ചോദിക്കുന്നത്. നഴ്സുമാരുൾപ്പെടെ 19 വനിത ജീവനക്കാർക്ക് ഡ്രസ് മാറ്റാനുള്ള സ്ഥലവും പരിമിതമാണ്. ഭക്ഷണം കഴിക്കാനും ഡ്രസ് മാറാനും നൽകിയത് ഇടുങ്ങിയ മുറിയാണ്.
പുതിയ ഫർണിച്ചർ ഒന്നും പുതിയ കെട്ടിടത്തിലേക്ക് വാങ്ങിയിട്ടില്ല. തുരുമ്പുപിടിച്ച കസേരകളടക്കമാണ് ഉപയോഗിക്കുന്നത്. ആംബുലൻസുകൾ പൊരിവെയിലത്ത് നിർത്തിയിടണം. ഡെന്റൽ, എക്സ്റേ വിഭാഗങ്ങൾ പഴയ കെട്ടിടത്തിലാണ്. ഇവ വരും ദിവസം പുതിയ സ്ഥലത്തേക്ക് മാറ്റും.
ആശുപത്രി പ്രവർത്തനത്തിന്റെ ആദ്യദിനത്തിൽ സായാഹ്ന ഒ.പിയുമില്ലായിരുന്നു. സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കാനും നടപടിയായിട്ടില്ല. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രദ്ധ ഇക്കാര്യങ്ങളിൽ ഉണ്ടാവണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.