പുല്പള്ളി ഹരിത കര്‍മസേനക്ക് നൂറില്‍ നൂറ്
text_fieldsപുൽപള്ളി: ‘എന്റെ വാര്‍ഡ് നൂറില്‍ നൂറ്’ കാമ്പയിനിന്റെ ഭാഗമായി 11 വാര്‍ഡുകളില്‍ നിന്നും 100 ശതമാനം വാതിൽപടി ശേഖരണവും യൂസര്‍ഫീ ശേഖരണവും നടത്തി മാതൃകയായി പുല്പള്ളി ഹരിത കർമ സേനാംഗങ്ങള്‍. നവകേരളം കർമ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ മേഖലയില്‍ നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായാണ് പുല്പള്ളി പഞ്ചായത്ത് നേട്ടം കൈവരിച്ചത്. ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ കാമ്പയിന് നടപ്പിലാക്കിയ ജില്ലയിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് പുല്പള്ളി. പഞ്ചായത്തില്‍ 33 ഹരിത കർമ സേന അംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
ആകെയുള്ള 20 വാര്‍ഡുകളില്‍ എല്ലായിടത്തും ഹരിത കർമ സേന വാതിൽപടി സേവനം നല്‍കുന്നുണ്ടെങ്കിലും യൂസര്‍ ഫീസ് ലഭിക്കുന്നത് കുറവായിരുന്നു. ഒരു വാര്‍ഡിലെ മാനദണ്ഡ പ്രകാരമുള്ള മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും വാതില്‍പ്പടി ശേഖരണം നടത്തി അവിടെ നിന്ന് ഈടാക്കുന്ന യൂസര്ഫീസാണ് ഹരിത കർമ സേനയുടെ വരുമാന സ്രോതസ്സ്. ഇത് കൃത്യമായി നടപ്പിലാക്കുന്നതിനായി ആസൂത്രണം ചെയ്ത കാമ്പയിനാണ് ‘എന്റെ വാര്‍ഡ് 100 ല്‍ 100’.
33 അംഗ ഹരിത കർമ സേന എട്ട് പേരടങ്ങുന്ന ക്ലസ്റ്ററുകളായാണ് ഫീല്‍ഡില്‍ ഇറങ്ങിയത്. ഇവരോട് വിമുഖത കാണിച്ചിരുന്നവരെ കാമ്പയിനിന്റെ ഭാഗമാക്കുന്നതിനായി പഞ്ചായത്തും ഹരിത കർമ സേനയ്ക്കൊപ്പം ഇറങ്ങി. 11 വാര്‍ഡുകളിലെ മെംബര്‍മാരുടെ പൂര്‍ണ പിന്തുണ നേട്ടത്തിലേക്കുള്ള എളുപ്പ വഴിയായി. പഞ്ചായത്ത് ഭരണ സമിതി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ എന്നിവരുടെ സഹകരണവും ക്യാമ്പയിന് ലഭിച്ചു. ഹരിത കേരളം മിഷന്റെ മോണിറ്ററിങ്ങിലൂടെ കൃത്യമായ ഷെഡ്യൂള്‍ പ്രകാരം ഓരോ വാര്‍ഡുകളിലും പ്രത്യേക അവലോകനം നടത്തി. സെപ്റ്റംബര്‍ മാസത്തോടെ ബാക്കിയുള്ള ഒമ്പത് വാര്‍ഡുകളില്‍ കൂടി കാമ്പയിന് നടപ്പിലാക്കും. അഭിമാനമായ നേട്ടം കൈവരിച്ച ഹരിത കർമസേനാംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.