ക്വാറി പ്രവർത്തനം: മരക്കടവ് ഡിപ്പോ പ്രദേശത്തെ വീടുകൾ ഭീഷണിയിൽ
text_fieldsപുൽപള്ളി: മരക്കടവിലെ കരിങ്കൽ ക്വാറിയിൽ പാറ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം മൂലം സമീപ പ്രദേശങ്ങളിലുള്ള വീടുകൾക്ക് കേടുപാട് സംഭവിക്കുന്നു. മരക്കടവ് ഡിപ്പോയിലെ ജനവാസ മേഖലയിലുള്ള ഭൂരിഭാഗം വീടുകൾക്കും ഇതിനകം വിള്ളലുണ്ടായിട്ടുണ്ട്. പാറ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ നൽകിയ പരാതികളിൽ കാര്യക്ഷമമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ഏതാനും മാസം മുമ്പാണ് ക്വാറിയുടെ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ മുള്ളൻകൊല്ലി പഞ്ചായത്ത് മാലിന്യം ശേഖരിക്കുന്നതിനുള്ള കേന്ദ്രം (എം.സി.എഫ്) സ്ഥാപിക്കുന്നതിന് വാങ്ങിയ ഭൂമിയോടു ചേർന്ന പ്രദേശത്താണ് ക്വാറിയുടെ പ്രർത്തനം.
കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ചാണ് കല്ലുപൊട്ടിക്കുന്നത്. പാറ പൊട്ടിക്കുമ്പോഴുള്ള പ്രകമ്പനത്തിൽ മിക്ക വീടുകളുടെയും ഭിത്തികളിൽ വിള്ളലുണ്ടായിട്ടുണ്ട്. ഇതിന്റെ അളവ് ഓരോ ദിനം കഴിയുംതോറും കൂടുകയാണ്.
പുതുതായി നിർമിച്ച വീടുകൾക്കുപോലും വിള്ളൽ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. നാട്ടുകാർ ജനകീയ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് വീടുകൾക്ക് കേടുപാടുണ്ടാകുന്നതുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ബന്ധപ്പെട്ടവർ സ്ഥലത്തെത്തി പരിശോധന നടത്താൻ പോലും തയാറായിട്ടില്ലെന്നാണ് പരാതി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് മരക്കടവ് ഡിപ്പോ പ്രദേശം. ക്വാറിക്കെതിരെ വീണ്ടും പരാതി നൽകാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.